ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽ ആശുപത്രിക്ക് നേരെ മിസൈൽ ആക്രമണം

ട്രിപളി: ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽ ആശുപത്രിക്ക് നേരെ മിസൈൽ ആക്രമണം. കുട്ടികൾ അടക്കം 14 പേർക്ക് പരിക്കേറ്റു. ട്രിപളി സെൻട്രൽ ആശുപത്രിയുടെ ഡെർമറ്റോളജി വിഭാഗത്തിലാണ് മിസൈൽ പതിച്ചത്. കൂടാതെ, ട്രിപളിയിലെ ജനവാസ മേഖലയിലും മിസൈലുകൾ പതിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ആശുപത്രി കെട്ടിടത്തിന് തകരാർ സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് അമിൻ അൽ ഹാഷ്മി പറഞ്ഞു. കിഴക്കൻ ലിബിയ ആസ്​ഥാനമായുള്ള ഖലീഫ ഹഫ്​തറിന്‍റെ ലിബിയൻ നാഷനൽ ആർമി (എൽ.എൻ.എ) ആണ് ആക്രമണം നടത്തിയതെന്ന് യു.എൻ പിന്തുണയുള്ള സർക്കാർ വ്യക്തമാക്കി. 

കോവിഡ് വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ രാജ്യത്ത് വിവിധ വിഭാഗങ്ങൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഏഴ് യു.എൻ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇതുവരെ 64 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ട്രിപളിയിലെ മിറ്റിഗ രാജ്യാന്തര വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം എൽ.എൻ.എ നടത്തിയിരുന്നു. ആക്രമണത്തിൽ ആറു പേർ മരിക്കുകയും 12ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

2011ൽ ഗദ്ദാഫിയുടെ പതനത്തോടെയാണ് ലിബിയയിൽ അധികാരത്തിനായുള്ള ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ രാജ്യ തലസ്ഥാനമായ ട്രിപളി പിടിക്കാനുള്ള നീക്കത്തിലാണ് ഹഫ്​തറിന്‍റെ ലിബിയൻ നാഷനൽ ആർമി. ഗദ്ദാഫിയുടെ വിശ്വസ്​തനായിരിക്കെ കൂറുമാറി നാടുകടക്കുകയും ഒടുവിൽ ഗദ്ദാഫിയെ പടിയിറക്കുന്നതിൽ നിർണായക പങ്കു​വഹിക്കുകയും ചെയ്​ത ആളാണ് ഹഫ്​തർ.

Tags:    
News Summary - Tripoli hospital attacked by missiles in Libya -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.