വിടാതെ പിന്തുടർന്ന് മരണം: ഭൂകമ്പത്തിൽനിന്ന് രക്ഷപ്പെട്ട ഏഴംഗ കുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ചു

അങ്കാറ: പതിനായിരങ്ങൾ മരിച്ചു വീണ ഭൂകമ്പത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സിറിയൻ കുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ചു. അഞ്ച് കുട്ടികളുൾപ്പെടെ ഏഴംഗ സിറിയൻ കുടുംബമാണ് തുർക്കിയി​ലെ വീടിന് തീപിടിച്ച് മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പത്തിൽനിന്ന് രക്ഷപ്പെട്ട 14 പേരാണ് ഒറ്റനില വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിൽ പരിക്കേറ്റ ഏഴുപേർ ചികിത്സയിലാണെന്ന് കോനിയ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതായി തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള അനഡോലു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 6നുണ്ടായ ഭൂകമ്പം രൂക്ഷമായി ബാധിച്ച തെക്കുകിഴക്കൻ തുർക്കി നഗരമായ നൂർദാഗിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഏതാനും ദിവസം മുമ്പാണ് ഇവർ കോനിയയിലേക്ക് താമസം മാറ്റിയത്. നാലിനും 13നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച അഞ്ച് കുട്ടികളും. തീ ആളിപ്പടർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായതായി പ്രദേശവാസിയായ മുഹ്‌സിൻ കാക്കിർ മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം നാല് മില്യൺ സിറിയക്കാരാണ് തുർക്കിയിലുള്ളത്. അവരിൽ ഭൂരിഭാഗവും ഭൂകമ്പത്തിൽ തകർന്ന തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതിനിടെ, ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 43,000 കവിഞ്ഞു.

Tags:    
News Summary - After surviving earthquake, Syrian family of seven dies in fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.