വാഷിങ്ടൺ: വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് മണിക്കൂർ വിമാനത്തിന്‍റെ ബാത്ത്റൂമിൽ ക്വാറന്‍റീനിൽ കഴിഞ്ഞ് അധ്യാപിക. സ്വിറ്റ്സർലാൻഡിലേക്കുള്ള വിനോദയാത്രക്കിടെയാണ് മരീസ ഫോട്ടിയോക്ക് രോഗബാധ സ്ഥിരീകരിച്ചത്. ചിക്കാഗോയിൽ നിന്നായിരുന്നു ഇവർ ഐസ്ലാൻഡിലേക്കുള്ള വിമാനം കയറിയത്. അവിടെ നിന്നും സ്വിറ്റ്സർലാൻഡിലേക്ക് പോകാനായിരുന്നു പദ്ധതി.
വിമാനത്തിൽ കയറുന്നതിന് മുമ്പ് രണ്ട് തവണ പി.സി.ആർ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തി. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട് യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൈയിലുണ്ടായിരുന്നു കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഉടൻ തന്നെ വിമാന ജീവനക്കാരെ താൻ വിവരമറിയിച്ചുവെന്ന് ഫോട്ടിയോ പറഞ്ഞു. തനിക്ക് തന്‍റെ കുടുംബത്തെയോർത്തും വിമാനത്തിലെ മറ്റ് യാത്രക്കാരെയോർത്തും കടുത്ത ആശങ്കയുണ്ടായി. പിന്നീട് വിമാനത്തിന്‍റെ ജീവനക്കാർ തനിക്കായി പ്രത്യേക സീറ്റ് ഒരുക്കാൻ ശ്രമിച്ചു. എന്നാൽ, വിമാനത്തിൽ യാത്രികരുടെ എണ്ണം കൂടുതലയാതിനാൽ അത് സാധ്യമായില്ല. തുടർന്ന് താൻ തന്നെ വിമാനത്തിന്‍റെ ബാത്ത്റൂമിൽ ക്വാറന്‍റീനിലിരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ബാത്ത്റൂമിൽ ഭക്ഷണം ഉൾപ്പടെ വിമാനയാത്രക്കാർ എത്തിച്ച് നൽകിയെന്ന് അവർ കൂട്ടിച്ചേർത്തു. പിന്നീട് ഐസ്ലാൻഡിൽ എത്തിയതിന് ശേഷം അധ്യാപികയെ ക്വാറന്‍റീനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.