അറ്റ്ലാന്റ: മുൻ അമേരിക്കൻ പ്രസിഡന്റും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു. 1977 മുതൽ 81വരെ അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായ കാർട്ടർ ഞായറാഴ്ചയാണ് വിടവാങ്ങിയത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജനുവരി ഒമ്പതിന് വാഷിങ്ടണിൽ. ഏറ്റവും കൂടുതൽ കാലം ജീവിച്ച അമേരിക്കൻ പ്രസിഡന്റായിരുന്നു. അസുഖബാധിതനായി കഴിഞ്ഞവർഷം മുതൽ ജോർജിയയിലെ വീട്ടിൽ സ്നേഹപരിചരണത്തിലായിരുന്നു.
ജീവിത പങ്കാളി റോസലിൻ 96ാം വയസ്സിൽ 2023 നവംബറിലാണ് അന്തരിച്ചത്. നാലു മക്കളുണ്ട്. നിലക്കടല കർഷകനായിരുന്ന അദ്ദേഹം കടുത്ത ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ഉന്നത പദവിയിലെത്തിയത്. നാവിക അക്കാദമിയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിതാവിന് അർബുദം ബാധിച്ചതോടെ ജോലി ഉപേക്ഷിച്ച് ജോർജിയയിലേക്ക് മടങ്ങി.
ഹം ജോർജിയ ഗവർണറായിരുന്നപ്പോഴാണ് 1976ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജെറാൾഡ് ഫോർഡിനെ പരാജയപ്പെടുത്തി പ്രസിഡന്റായി. ജിമ്മി കാർട്ടറിന്റെ ഇടപെടലാണ് ഇസ്രായേലും ഈജിപ്തും തമ്മിൽ 1978ൽ ഒപ്പുവെച്ച ക്യാമ്പ് ഡേവിഡ് സമാധാന കരാറിന് വഴിയൊരുക്കിയത്. അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതും ഇറാനിൽ അമേരിക്കക്കാരെ ബന്ദിയാക്കി എട്ടുപേരെ വധിച്ചതും സോവിയറ്റ് യൂനിയന്റെ അഫ്ഗാൻ അധിനിവേശവും കാർട്ടറിന് കടുത്ത വെല്ലുവിളി ഉയർത്തി. ഇതോടെ ജനപ്രീതി ഇടിഞ്ഞു.
രണ്ടാം തവണ മത്സരിച്ച അദ്ദേഹത്തെ റിപ്പബ്ലിക്കൻ സ്ഥാനാർഥി റൊണാൾഡ് റീഗൻ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം രാജ്യാന്തര സംഘർഷങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചതും ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ യശസ്സ് ഉയർത്തി. 2002ലാണ് കാർട്ടർക്ക് നൊബേൽ പുരസ്കാരം ലഭിച്ചത്. ജീവിത പങ്കാളി റോസലിനോടൊപ്പം കാർട്ടർ സെന്റർ സ്ഥാപിച്ച് ജനാധിപത്യ, മനുഷ്യാവകാശ സംരക്ഷണത്തിലും സമാധാന ശ്രമങ്ങളിലും രോഗ നിർമാർജനത്തിലും പങ്കാളികളായി. നിര്യാണത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും രാഷ്ട്രത്തലവന്മാരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.