ജിമ്മി കാര്‍ട്ടര്‍

'ജിമ്മി കാര്‍ട്ടറിന്‍റെ പേരിൽ ഇന്ത്യയിലൊരു ഗ്രാമം'; യു.എസ് മുന്‍ പ്രസിഡന്‍റിന് ഇന്ത്യയുമായുള്ള ബന്ധമെന്ത്?

ന്യൂഡൽഹി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ 100ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ഓർമ്മ ഇന്ത്യയിൽ നിലനിൽക്കും. ജിമ്മി കാര്‍ട്ടറിന് ഇന്ത്യയുമായി അതുല്യമായൊരു ബന്ധമുണ്ട്. ഒരു തവണ മാത്രമാണ് ജിമ്മി കാർട്ടർ ഇന്ത്യ സന്ദർശിച്ചത്. എന്നാൽ കാര്‍ട്ടറിന്‍റെ പേരിൽ ഇന്ത്യയിൽ ഒരു ഗ്രാമമുണ്ട്.

ദൗലത്പൂർ നസിറാബാദ് എന്നറിയപ്പെട്ടിരുന്ന ഹരിയാനയിലെ ഈ ഗ്രാമത്തിന്‍റെ പേര് 1978-ലെ ജിമ്മി കാര്‍ട്ടറിന്‍റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം കാർട്ടർപുരി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ നേതാവാണ് അദ്ദേഹം. അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നിർദ്ദേശപ്രകാരമാണ് ഗ്രാമത്തിന്‍റെ പേര് മാറ്റിയത്.

1978 ജനുവരി മൂന്നിനായിരുന്നു കാർട്ടർ ഈ ഗ്രാമം സന്ദർശിച്ചത്. പണവും ടി.വി സെറ്റും അദ്ദേഹം സംഭാവന ചെയ്തു. 1960 കളിൽ പീസ് കോർപ്‌സിലെ അംഗമെന്ന നിലയിൽ കാർട്ടറിന്‍റെ അമ്മയും ഇതേ ഗ്രാമം സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. അതിനാൽ സ്വയം സന്ദർശിക്കുന്നതിന് മുമ്പുതന്നെ ഗ്രാമവുമായുള്ള കാർട്ടറിന്‍റെ ബന്ധം ആരംഭിച്ചു.

അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ നേതാവാണ് അദ്ദേഹം. ജിമ്മി കാർട്ടർ സന്ദർശിച്ച ജനുവരി മൂന്നിന് പ്രാദേശിക അവധിയുള്ള ഈ ഗ്രാമം, 2002-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചപ്പോഴും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റ് പാർട്ടിക്കാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യു.എസ് പ്രസിഡന്റായിരുന്നത്. 2002ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്. അദ്ദേഹത്തിന്‍റെ ഫൗണ്ടേഷനായ കാർട്ടർ സെന്‍റർ സമൂഹമാധ്യമത്തിലൂടെയാണ് മരണവാർത്ത അറിയിച്ചത്. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

Tags:    
News Summary - Jimmy Carter dies at 100: Why this Indian village is named after late former US President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.