പാരിസ് ആക്രമണത്തിൽ പങ്കുള്ള ഐ.എസ് തീവ്രവാദിയെ വധിച്ചെന്ന് യു.എസ്

വാഷിങ്ടൺ: നവംബറിൽ പാരിസിലുണ്ടായ ആക്രമണ പരമ്പരക്ക് പിന്നിൽ പ്രവർത്തിച്ചുവെന്ന് കരുതുന്ന ഐ.എസ് തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന് യു.എസ്. തങ്ങൾ നടത്തിയ വ്യോമാക്രമണത്തിലാണ് ഷരഫ് അൽ മൗദാൻ എന്നയാൾ കൊല്ലപ്പെട്ടതെന്ന് പെൻറഗൺ വക്താവ് കേണൽ സ്റ്റീവ് വാറൻ അറിയിച്ചു.

ഡിസംബർ 24നാണ് ഫ്രഞ്ച് പൗരനായ മൗദാൻ കൊല്ലപ്പെട്ടത്. പാരിസ് ആക്രമണത്തിൻെറ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന അബ്ദുൽ ഹാമിദ് അബൗദുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും യു.എസ് വ്യക്തമാക്കി. മൗദാൻ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ നിരന്തരം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. യു.എസിനെയും അതിൻെറ സഖ്യരാജ്യങ്ങളെയും ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്ന ഐ.എസ് നേതാക്കളെ വേട്ടയാടി കൊല്ലുമെന്നും പെൻറഗൺ വക്താവ് അറിയിച്ചു.

അതേസമയം, പാരിസ് ആക്രമണത്തിൻെറ മുമ്പോ ശേഷമോ മൗദാൻ ഏവിടേക്കെങ്കിലും യാത്ര ചെയ്തതായി സ്ഥിരീകരണമില്ല. നവംബർ 13ന് പാരിസ് നഗരത്തിലുണ്ടായ ആക്രമണ പരമ്പരയിൽ 130 പേരാണ് കൊല്ലപ്പെട്ടത്. നൂറുക്കണക്കിന് പേർക്ക് പരിക്കുപറ്റി. ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒലാൻഡെ കളി കാണാനെത്തിയ സ്റ്റേഡിയത്തിനടുത്തും സ്ഫോടനമുണ്ടായി. സംഭവത്തെ തുടർന്ന് ഐ.എസിനെതിരെ ഫ്രാൻസ് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.