വാഷിങ്ടൺ: അൽഖാഇദയെ സഹായിച്ച രണ്ട് ഇന്ത്യൻ സഹോദരങ്ങൾ കുറ്റക്കാരെന്ന് യു.എസ് ഫെഡറൽ കോടതി. സഹോദരങ്ങളായ യഹ്യ ഫാറൂഖ് മുഹമ്മദ്, ഇബ്രാഹിം സുബൈർ മുഹമ്മദ്, ആസിഫ് അഹമ്മദ് സലിം, സുൽത്താൻ റൂം സലിം എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. 2005-2010 കാലയളവിൽ അൽഖാഇദ നേതാവ് അൻവർ അൽ അവ് ലാക്കിക്ക് പണം, ഉപകരണങ്ങൾ അടക്കമുള്ള സഹായങ്ങൾ നൽകിയ കേസിലാണ് ഫെഡറൽ കോടതി നടപടി.
2008-2009 കാലയളവിൽ പലതവണ സാമ്പത്തിക കൈമാറ്റങ്ങൾ നടത്തിയ ഫാറൂഖ് പശ്ചിമേഷ്യയിൽ നടത്തിയ യാത്രക്കിടെ അൽഖാഇദക്കായി പണ സ്വരൂപണത്തിന് നിരവധി പേരുമായി ചർച്ച നടത്തുകയും ചെയ്തെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. 2009ൽ ഫാറൂഖ് മറ്റ് രണ്ടു പേർക്കൊപ്പം യെമനിൽ പോയി അൻവർ അൽ അവ് ലാക്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2002 മുതൽ 2004വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ഫാറൂഖ്, 2008ൽ അമേരിക്കകാരിയെ വിവാഹം കഴിച്ചു. ഫാറൂഖിന്‍റെ സഹോദരൻ ഇബ്രാഹിം 2001 മുതൽ 2005 വരെ ഇല്ലിനോയിസ് യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് 2006ൽ ഒഹിയോയിലേക്ക് പോയ ഇദ്ദേഹം അമേരിക്കകാരിയെ വിവാഹം ചെയ്തു. 2002 മുതൽ 2005വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്നു ആസിഫ് സലിം. 2007ൽ ഇയാൾ കാൻസാസിലെ ഒാവർലാൻഡ് പാർക്കിൽ താമസിച്ചു വരികയായിരുന്നു. ആസിഫിന്‍റെ സഹോദരൻ സുൽത്താൻ സലിം കൊളംബസ് ഏരിയയിലാണ് താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.