ബോകോ ഹറാമില്‍ കുട്ടിച്ചാവേറുകള്‍ വ്യാപകം –യുനിസെഫ്

അബൂജ: കളിപ്പാട്ടമെടുക്കേണ്ട പ്രായത്തില്‍ കുട്ടികളെ തോക്കെടുപ്പിക്കുകയാണ് ഐ.എസും ബോകോ ഹറാമും. യുനിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ഈ തീവ്രവാദ സംഘങ്ങള്‍ വശത്താക്കിയ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2015ല്‍ 11 മടങ്ങായി ഉയര്‍ന്നതായി യുനിസെഫ് പറയുന്നു. അതായത് അഞ്ചിലൊന്നു ആക്രമണങ്ങളിലും കുട്ടികളെയാണ് ഈ സംഘങ്ങള്‍ ചാവേറുകളാക്കിയത്.
നൈജീരിയയിലും ഛാഡിലും  കഴിഞ്ഞ വര്‍ഷം നടന്ന മൂന്നിലൊന്ന് ആക്രമണങ്ങളിലും ചാവേറുകളായത് പെണ്‍കുട്ടികളായിരുന്നു. മയക്കുമരുന്നു നല്‍കിയാണ് ബോകോ ഹറാം പെണ്‍കുട്ടികളെ അടിമകളാക്കിയത്. ഏഴു വര്‍ഷമായി നൈജീരിയയിലും ഛാഡിലും ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17,000 പേരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് വടക്കുകിഴക്കന്‍ നൈജീരിയയിലാണ്.
കാമറൂണ്‍, ഛാഡ്, നൈജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളില്‍  13 ലക്ഷം കുട്ടികള്‍ തീവ്രവാദസംഘങ്ങളില്‍ ചേരാന്‍ സ്വന്തം വീടുകളില്‍നിന്നു നിര്‍ബന്ധിക്കപ്പെടുന്നുണ്ടത്രെ. ബോകോ ഹറാമിനോടുള്ള പ്രതിബദ്ധതയുടെ പേരില്‍ വീട്ടുകാര്‍ കുട്ടികളെ സംഘത്തിലേക്ക് തള്ളിവിടുകയാണ്. സംഘാംഗങ്ങള്‍ക്ക് നിര്‍ബന്ധമായി പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊടുക്കാനും നാട്ടുകാര്‍ തയാറാകുന്നു.  പെണ്‍കുട്ടികളെ ബോകോ ഹറാം തീവ്രവാദികള്‍ ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാകുന്നു. ശരീരത്തില്‍ മാരകമായ സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി അവരെ ആക്രമണ ഇടങ്ങളിലേക്ക് തള്ളിവിടുന്നു. നൈജീരിയന്‍ നഗരമായ ചിബോകിലെ സ്കൂളില്‍നിന്ന് 200 പെണ്‍കുട്ടികളെ ബോകോ ഹറാം തട്ടിയെടുത്തതിന്‍െറ വാര്‍ഷികത്തിലാണ് യുനിസെഫ് കണക്ക് പുറത്തുവിട്ടത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും അവരിലൊരാളെപ്പോലും കണ്ടത്തൊനായിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസം നല്‍കുന്നുവെന്നാരോപിച്ച്  നൈജീരിയയില്‍  1800ലേറെ സ്കൂളുകള്‍ ബോകോ ഹറാം അടച്ചുപൂട്ടുകയോ നശിപ്പിക്കുകയോ ചെയ്തു.  പാശ്ചാത്യ വിദ്യാഭ്യാസം ബോകോഹറമിന് വിലക്കപ്പെട്ട കനിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.