ന്യൂയോര്‍ക്: യമനില്‍ ഇതിനകം നിരവധി മരണത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായ ആഭ്യന്തര സംഘര്‍ഷവും, അറബ് സഖ്യസേനയുടെ ആക്രമണവും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ ആഹ്വാനം. പ്രതിസന്ധി പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഭിമുഖ്യത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കാളിയാവാനും അദ്ദേഹം എല്ലാ കക്ഷികളോടും ആഹ്വാനംചെയ്തു.
യു.എന്‍ ആഭിമുഖ്യത്തില്‍ കുവൈത്തില്‍ നടന്നിരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഈ മാസം ആരംഭത്തില്‍ അവസാനിച്ചതിനു പിന്നാലെ കര, വ്യോമാക്രമണങ്ങള്‍ ഹൂതികളും യമന്‍ സൈന്യവും, അവരെ പിന്തുണക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ശക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സെക്രട്ടറി ജനറലിന്‍െറ ആഹ്വാനം. സന്‍ആയുടെ കിഴക്കു പ്രദേശത്തും സൗദി നഗരമായ നജ്റാനിലുമുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം, സിവിലിയന്മാരുടെ സംരക്ഷണം എല്ലാ കക്ഷികളുടെയും ബാധ്യതയാണെന്നും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
ആക്രമണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാന്‍ കി മൂണിന്‍െറ ഓഫിസ് വ്യാഴാഴ്ച സൗദിക്ക് കത്ത് കൈമാറിയതായി അറിയുന്നു. ആക്രമണത്തില്‍നിന്നും വിരമിച്ചില്ളെങ്കില്‍ സൗദിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന താക്കീത് കത്തിലുള്ളതായി ഫോറിന്‍ പോളിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം മേയില്‍ പുറത്തുവിട്ട സുരക്ഷാകൗണ്‍സില്‍ റിപ്പോര്‍ട്ടില്‍, സംഘര്‍ഷബാധിത മേഖലകളില്‍ കുട്ടികളുടെ മരണത്തിന് കാരണക്കാരായ സംഘടനകളുടെയും രാജ്യങ്ങളുടെയും പട്ടികയില്‍ സൗദി അറേബ്യയെയും ഉള്‍പ്പെടുത്തിയിരുന്നു. ഐ.എസിനും അല്‍ഖാഇദക്കുമൊപ്പം തങ്ങളെയും ചേര്‍ത്ത നടപടി സൗദിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ പിന്‍വലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.