സൗത്ത് കരോലൈനയിൽ ഹിലരിക്ക് തിളക്കമാർന്ന വിജയം

സൗത്ത് കരോലൈന: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൗത് കരോലൈന പ്രൈമറിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റന് തിളക്കമാർന്ന വിജയം. അയോവ കോക്കസില്‍ വെല്ലുവിളി ഉയര്‍ത്തിയ ബേണീ സാന്‍ഡേഴ്സിനെ 47.5 പോയന്‍റ് ഭൂരിപക്ഷത്തിൽ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരി നിഷ്പ്രഭമാക്കി. ഹിലരിക്ക് 73.5 ശതമാനവും സാന്‍ഡേഴ്സിന് 26.0 ശതമാനവും വോട്ടുകൾ ലഭിച്ചു.

ഒന്നിച്ച് നിന്നാല്‍ തകര്‍ക്കാനാകാത്ത ഒന്നുമില്ലെന്ന് തെളിയിച്ചതായി ഫലപ്രഖ്യാപനത്തിന് ശേഷം ഹിലരി ക്ലിന്‍റൻ മാധ്യമങ്ങളോട് പറഞ്ഞു. സൗത് കരോലൈനയിലെ വിജയം ദേശീയ തലത്തിൽ ആവര്‍ത്തിക്കുമെന്നും ഹിലരി വ്യക്തമാക്കി.

ലോവ, അയോവ, നവേദ കോക്കസുകളിൽ ബേണീ സാന്‍ഡേഴ്സിനെ ഹിലരി പിന്തള്ളിയിരുന്നു. അതേസമയം, ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ സാന്‍ഡേഴ്‌സ് (58 ശതമാനം) ഹിലരിയെ (41 ശതമാനം) പിന്നിലാക്കിയിരുന്നു. അതേസമയം, റിപ്പബ്ലിക്കന്‍ പാർട്ടിയുടെ സൗത് കരോലൈന പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിനായിരുന്നു ജയം. ട്രംപിന് 32.5 ശതമാനവും രണ്ടാം സ്ഥാനത്തെത്തിയ മാര്‍ക്കോ റൂബിയോക്ക് 22.5 ശതമാനവുമാണ് വോട്ട് ലഭിച്ചത്.

നാല് ഘട്ടങ്ങളിലായാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രൈമറിയില്‍ വോട്ടെടുപ്പും കോക്കസില്‍ സംവാദവുമാണ് നടക്കുക. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ ‘സൂപ്പര്‍ ടൂസ്ഡെ’ ആയ മാര്‍ച്ച് ഒന്നിന് നടക്കുന്ന വോട്ടെടുപ്പിന് സൗത് കരൈലനയിലെ വിജയം ഹിലരിക്ക് മുൻതൂക്കം നൽകും.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഹിലരി ക്ലിന്‍റന് പാര്‍ട്ടിയിൽ 45 ശതമാനവും എതിരാളിയായ ബെര്‍ണി സാന്‍ഡേഴ്സിന് 42 ശതമാനവും ആണ് വോട്ടര്‍മാരുടെ പിന്തുണ. ജൂലൈ 18 മുതൽ 21 വരെയുള്ള റിപ്പബ്ലിക്കൻ കൺവെൻഷനിൽ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കും.  പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള ഡെമോക്രാറ്റിക് കൺവെൻഷൻ ജൂലൈ 25 മുതൽ 28 വരെ നടക്കും. നവംബർ എട്ടിനാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.