ട്രംപിന്‍െറ വിവാദ പ്രസ്താവനക്കെതിരെ റിപബ്ലിക്കന്‍ ഗവര്‍ണര്‍

വാഷിങ്ടണ്‍: മുസ്ലിംകള്‍ അമേരിക്കയില്‍  പ്രവേശിക്കുന്നതിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണമെന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വന്തം പാര്‍ടിക്കാരിയും ദക്ഷിണ കരോളിന ഗവര്‍ണറുമായ നിക്കി ഹാലെ. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്ന രീതിയില്‍ രാജ്യത്തെ ശിഥിലമായ കുടിയേറ്റ സംവിധാനം നന്നാക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം നിയമവിധേയമായി അമേരിക്കയിലേക്ക് വരുന്നവരെ മതമോ ജാതിയോ നോക്കാതെ സ്വാഗതം ചെയ്യുകയും വേണം. അതാണ് നൂറ്റാണ്ടുകളായി നാം തുടരുന്നതെന്ന് ഇന്ത്യന്‍ വംശജയായ നിക്കി ഹാലെ വ്യക്തമാക്കി.

നമ്മുടെ പാരമ്പര്യം ഇഷ്ടപ്പെടുകയും ഇവിടുത്തെ നിയമം അനുസരിക്കുകയും ചെയ്യുന്ന കഠിനാധ്വാനികളായ ആളുകള്‍ക്ക് അമേരിക്ക അഹിതകരാമായി തോന്നരുത്. ആശങ്കാകുലമായ സന്ദര്‍ഭങ്ങളില്‍ ചിലരുടെ വൈകാരിക പ്രസംഗങ്ങള്‍ ആവേശകരമായി തോന്നും. എന്നാല്‍, അത്തരം പ്രലോഭനങ്ങളെ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ട്രംപിന്‍െറ വിദ്വേഷ പ്രസംഗത്തെ പരാമര്‍ശിച്ച് നിക്കി ഹെയ്ല്‍ പറഞ്ഞു. പ്രസിഡണ്ട് ഒബാമ യു.എസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയായി റിപബ്ലിക്കന്‍ പാര്‍ടിയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു ഹാലെ.

ഹാലെയുടെ പരാമര്‍ശം റിപബ്ലിക്കന്‍സ് അംഗങ്ങളെ പ്രകോപിതരാക്കി. ഇതേ കുറിച്ച് ട്രംപ് പ്രതികരിച്ചിട്ടില്ല. അതേസമയം, യാഥാസ്തികരായ ട്രംപ് അനുകൂലികള്‍ ഹാലെയെ നാടുകടത്തണമെന്നുവരെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഹാലെയുടെ പ്രസ്താവനയുടെ അര്‍ഥം എല്ലാ മുസ്ലിംകള്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നല്‍കണമെന്നതാണെന്ന് ട്രംപ് പക്ഷക്കാരിയായ സാമൂഹ്യ നിരീക്ഷക ആന്‍ കൗള്‍ട്ടര്‍ പരിഹസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.