യുനൈറ്റഡ് നേഷന്‍സ്: യുദ്ധ-സംഘര്‍ഷബാധിത മേഖലകളില്‍ കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച വര്‍ഷമായിരുന്നു 2015 എന്ന് യു.എന്‍ റിപ്പോര്‍ട്ട്. അഫ്ഗാനിസ്താന്‍, സിറിയ, യമന്‍, ഇറാഖ്, സോമാലിയ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളില്‍ കുട്ടികളുടെ നേര്‍ക്കുണ്ടായ വിവിധങ്ങളായ അതിക്രമങ്ങളില്‍ യു.എന്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. വന്‍തോതില്‍ കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളാവുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. ഭരണകൂടങ്ങളും അന്തര്‍ദേശീയ സഖ്യകക്ഷികളും ഇതില്‍ ഒരുപോലെ പങ്കാളികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സംഘര്‍ഷമേഖലകളിലേക്ക് കുട്ടികളെ നിയോഗിക്കുന്നതും കൊലപ്പെടുത്തുന്നതും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും തട്ടിക്കൊണ്ടുപോകുന്നതും തടയുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്‍കി.
കുരുന്നുകളുടെ ലോകത്തിനുമേല്‍ കൊടിയ കുറ്റകൃത്യങ്ങള്‍ വര്‍ഷിച്ച ഒമ്പത് സര്‍ക്കാര്‍ സേനകളെയും 51 സായുധസേനാ ഗ്രൂപ്പുകളെയുംകുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിറിയയിലെ ഐ.എസും നൈജീരിയയിലെ സിവിലിയന്‍ ടാസ്ക് ഫോഴ്സുമാണ് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍. കോംഗോയിലെ വിമത ഗ്രൂപ്പായ റയ്യാ മൊത്തോംബോക്കി, നൈജീരിയയിലെ ബോകോ ഹറാം, സോമാലിയയിലെ അല്‍ശബാബ്, സെന്‍റര്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെയും കോംഗോയിലെയും ലോര്‍ഡ് റെസിസ്റ്റന്‍റ്സ് ആര്‍മി, യമനിലെ ഹൂതി വിമതസേന, അഫ്ഗാനിസ്താനിലെ താലിബാന്‍, ദക്ഷിണ സുഡാനിലെ എസ്.പി.എല്‍.എ തുടങ്ങിയവ ഇത്തരത്തില്‍ തിരിച്ചറിയപ്പെട്ട സംഘങ്ങളാണ്.
അഫ്ഗാനിസ്താനാണ് കുട്ടികളുടെ നേര്‍ക്കുള്ള യുദ്ധാതിക്രമങ്ങളുടെ പട്ടികയില്‍ ഒന്നാമതായി ഉള്ളത്. 2015ല്‍ ഇവര്‍ക്കുനേരെ 2829 അത്യാഹിതങ്ങള്‍ സംഭവിച്ചു. 733 പേര്‍ കൊല്ലപ്പെട്ടു. 2096 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 42 ശതമാനവും സംഭാവന ചെയ്തത് താലിബാന്‍ അടക്കമുള്ള സായുധസംഘങ്ങളാണ്. 23 ശതമാനം അഫ്ഗാന്‍ സൈന്യത്തിന്‍േറതും സര്‍ക്കാര്‍ അനുകൂല ശക്തികളുടേതുമാണ്. 55 ശതമാനം വിദേശ സൈനികരുടെ വ്യോമാക്രമണത്തിലൂടെയാണെന്ന് യു.എന്‍ മേധാവിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.സേനയിലേക്ക് കുട്ടികളെ നിയമിക്കുന്ന സര്‍ക്കാറുകളെയും സായുധസംഘത്തെയും തിരിച്ചറിഞ്ഞ് അത് തടയിടാനുള്ള പ്രമേയം യു.എന്‍ സുരക്ഷാസമിതി 2005ല്‍തന്നെ പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.