ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് മോദിയോട് ചോദിക്കണമെന്ന് സ്പീക്കറോട് കോണ്‍ഗ്രസ് അംഗങ്ങള്‍

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചോദിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് സ്പീക്കര്‍ പോള്‍ റയാനോട് ഏതാനും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ട്രെന്‍റ് ഫ്രാങ്ക്സ്, ബെറ്റി മക്കല്ലം എന്നിവരുടെ നേതൃത്വത്തിലുള്ള 18 കോണ്‍ഗ്രസ് അംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ച് സ്പീക്കര്‍ക്ക് കത്തെഴുതിയത്. മുസ്ലിം, ക്രിസ്ത്യന്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ രാജ്യത്ത് കടുത്ത വിവേചനം നേരിടുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അടുത്തിടെ,  ദാദ്രി സംഭവം ഉള്‍പ്പെടെ രാജ്യത്തിന്‍െറ പലഭാഗങ്ങളിലായി അരങ്ങേറിയ പല സംഭവങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ കുറ്റക്കാരെല്ലാം പ്രത്യേക വിഭാഗത്തില്‍പെട്ടയാളുകളാണ്. അവരാകട്ടെ, ഒരുഘട്ടത്തിലും നിയമത്തിന് മുന്നില്‍വരുന്നില്ളെന്നും അംഗങ്ങള്‍ വ്യക്തമാക്കി. മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്‍െറ വില കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് ചുരുക്കിയിരിക്കുന്നത്.

മോദി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് അംഗങ്ങള്‍ കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്. മോദിയുടെ പ്രഭാഷണത്തിന് മുന്നോടിയായാണ് സ്പീക്കറുമായുള്ള പ്രത്യേക കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.