യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ട്രംപിനെ തളക്കാന്‍ ഹിലരി യോഗ്യയെന്ന്

വാഷിങ്ടണ്‍: സൂപ്പര്‍ ചൊവ്വയില്‍ 12 സംസ്ഥാനങ്ങളില്‍ നടന്ന യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വ മത്സരങ്ങളില്‍ ഡെമോക്രാറ്റിക് നേതാവ് ഹിലരി ക്ളിന്‍റനും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടേറി.
ഇതിനകം 1003 പ്രതിനിധികളുടെ പിന്തുണ സ്വന്തമാക്കിയ ഹിലരി പാര്‍ട്ടിയിലെ പ്രധാന പ്രതിയോഗി ബേണി സാന്‍ഡേഴ്സിനെ ഏറെ പിന്നിലാക്കിക്കഴിഞ്ഞു. സാന്‍ഡേഴ്സന്‍ സ്വന്തമാക്കിയ പ്രതിനിധികളുടെ എണ്ണം 371 മാത്രം.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കുപോലും അരിശംപകരുന്ന ചടുല പ്രസ്താവനകള്‍ തുടര്‍ച്ചയായി പുറത്തുവിടുന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ എടുത്തുചാട്ടം ഹിലരിയുടെ പാത സുഗമമാക്കിയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. വിവേകശൂന്യമായി വൈകാരികപ്രകോപനങ്ങള്‍ സൃഷ്ടിച്ചും വംശീയതയുടെ കാര്‍ഡിറക്കിയും ട്രംപ് നടത്തുന്ന പ്രചാരണങ്ങള്‍ റിപ്പബ്ളിക്കന്‍ അണികളില്‍ വിള്ളല്‍ സൃഷ്ടിക്കുന്നുണ്ട്.

കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണമെന്നും മുസ്ലിംകളെ രാജ്യത്തുനിന്ന് തുരത്തണമെന്നുമുള്ള ട്രംപിന്‍െറ നിര്‍ദേശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിമരുന്നായത്. അതേസമയം, കുടിയേറ്റക്കാര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കും അംഗീകാരം നല്‍കുന്ന ഹിലരിയുടെ സഹിഷ്ണുതാ നിലപാട് റിപ്പബ്ളിക്കന്‍ അണികളുടെവരെ കൈയടി നേടിക്കൊണ്ടിരിക്കുന്നു. ട്രംപിന്‍െറ ഇന്ത്യാ വിരുദ്ധ വിദ്വേഷ സമീപനവും വ്യാപക വിമര്‍ശങ്ങള്‍ക്കിടയാക്കുകയുണ്ടായി.

ഭരണരംഗത്തെ പരിചയം, ലിബറല്‍ നിലപാടുകള്‍ എന്നിവയാണ് ഹിലരിയെ സ്വീകാര്യയാക്കുന്ന മറ്റുഘടകങ്ങള്‍. ചാഞ്ചാടുന്ന വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ പാര്‍ട്ടി എതിരാളി ബേണി സാന്‍ഡേഴ്സിന് ലഭിക്കേണ്ട വോട്ടുകളും ഹിലരിക്ക് ലഭ്യമാകാനിടയുണ്ട്. അടുത്ത സ്ഥാനാര്‍ഥിത്വനിര്‍ണയ മത്സരം മാര്‍ച്ച് 15ന് പൂര്‍ത്തീകരിക്കുന്നതോടെ തെളിയുന്ന രാഷ്ട്രീയ ചിത്രത്തില്‍ ഏത് നിലയിലും ഹിലരിയുടെ മേല്‍ക്കെ മിഴിവോടെ വ്യക്തമാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, രാജ്യരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യ ഇ-മെയില്‍ പ്രയോജനപ്പെടുത്തിയെന്ന ആരോപണം ഹിലരിക്ക് മത്സരശോഭയില്‍ തിരിച്ചടികള്‍ സമ്മാനിക്കുന്നുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.