ട്രംപ് വീഴുമോ? മത്സരം കടുക്കുന്നു

വാഷിങ്ടണ്‍: പ്രസിഡന്‍റ് പദത്തിലേക്ക് റിപ്പബ്ളിക്കന്‍ നിരയില്‍നിന്ന് ആര് എത്തുമെന്നതിന് ആഴ്ചകളായി ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സൂപ്പര്‍ ചൊവ്വയിലുള്‍പ്പെടെ ആദ്യം നടന്ന പ്രൈമറികളിലും കോക്കസുകളിലും അദ്ഭുത വിജയങ്ങളുമായി ഡൊണാള്‍ഡ് ട്രംപ് എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായി സ്വപ്നക്കുതിപ്പു നടത്തിയപ്പോള്‍ ചെറുക്കാന്‍ ആയുധങ്ങളില്ലാതെ സ്തബ്ധരായിരുന്നു രംഗത്തുള്ള മറ്റുള്ളവര്‍.

നിരവധി പേരുണ്ടായിരുന്ന റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിമോഹികളുടെ നിരയില്‍നിന്ന് പതിയെ ജെബ് ബുഷും കാഴ്സണും പിന്‍വലിഞ്ഞു. ബാക്കിനിന്ന ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും മാര്‍കോ റൂബിയോയും ഉറച്ചുനിന്നെങ്കിലും എന്തെങ്കിലും ചലനമുണ്ടാക്കുമെന്ന് ആരും സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചതുമില്ല. വെറുതെ മത്സരിക്കേണ്ടെന്ന് സാക്ഷാല്‍ ട്രംപ് തന്നെ റൂബിയോയെ ഉപദേശിക്കുകയും ചെയ്തു. വിദ്വേഷപ്രസംഗങ്ങളും ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളുമായി ശരാശരി അമേരിക്കക്കാരന്‍െറ ആരാധനാപുരുഷനായി മാറിയ ട്രംപിന് പക്ഷേ, മത്സരം കടുക്കുന്നതാണ് ഏറ്റവുമൊടുവിലെ വിശേഷം.

ശനിയാഴ്ച രണ്ടിടത്ത് ടെഡ് ക്രൂസ് ജയിച്ചതോടെ സാധ്യതകള്‍ക്ക് വീണ്ടും ചിറകുമുളച്ചിരിക്കുകയാണ്. ട്രംപിനെ തളക്കാന്‍ ഇനി ക്രൂസിനു പിന്നില്‍ അണിനിരക്കാമെന്ന് പാര്‍ട്ടി നേതൃത്വവും കണക്കുകൂട്ടുന്നു. 2012ലെ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിറ്റ് റോംനി ഉള്‍പ്പെടെ ട്രംപിനെതിരെ രംഗത്തുവന്നത് ഇതിന്‍െറ ഭാഗമാണ്.

കാന്‍സസില്‍ 50.7 ശതമാനം വോട്ട് നേടിയ ക്രൂസ് ഈ മാസം 15ന് വോട്ടെടുപ്പ് നടക്കുന്ന ഫ്ളോറിഡ, ഒഹായോ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇനി ഉറ്റുനോക്കുന്നത്. കൂടുതല്‍ പ്രതിനിധികളുള്ള ഇരു സംസ്ഥാനങ്ങളിലും വിജയംകുറിക്കാനായാല്‍ ട്രംപിനെ വീഴ്ത്താമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.