യു.എസ് പ്രൈമറി: ഹിലരിക്കും ട്രംപിനും മുന്നേറ്റം

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനുള്ള വോട്ടെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിൻറനും റിപബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനും ജയം. നിർണായകമായ ഫ്ലോറിഡയിൽ ഇരുവരും വിജയം നേടി. ഫ്ലോറിഡയിൽ ട്രംപിനോട് തോറ്റ റിപബ്ലിക്കൻ സെനറ്റൽ മാർകോ റൂബിയോ സ്ഥാനാർഥി നിർണയത്തിനുള്ള മത്സരങ്ങളിൽ നിന്ന് പിന്മാറി. ഫ്ലോറിഡയിൽ നിന്നുള്ള സെനറ്ററാണ് റൂബിയോ.

ഓഹായോ, ഇലിനോയ്, മിസൗറി, നോർത്ത് കരോലൈന, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് പ്രൈമറി നടന്നത്. അഞ്ച് സ്റ്റേറ്റുകളിൽ ഹിലരി ക്ലിൻറൺ മുന്നേറി. എന്നാൽ ട്രംപിന് നാല് സ്റ്റേറ്റുകളിൽ മാത്രമേ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചുള്ളൂ. ഓഹായോവിലാണ് ട്രംപ് പരാജയപ്പെട്ടത്. ഇവിടെ ജോൺ കാസിചാണ് ട്രംപിനെ തോൽപ്പിച്ചത്. പ്രൈമറിയിൽ ജയിക്കാൻ സാധിച്ചുവെങ്കിലും മുതിർന്ന നേതാക്കൾ പോളിസിയിലും നിലപാടിലും അതൃപ്തി അറിയിച്ചത് ട്രംപിന് തിരിച്ചടിയാണ്. ജയത്തോടെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ട്രംപ് വരാൻ സാധ്യതയേറിയിരിക്കുകയാണ്.

ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം നേടാൻ 4763 പേരിൽ 2382 പിന്തുണയാണ് ആവശ്യം; റിപബ്ലിക്കൻ പാർട്ടിയിൽ 2472 പേരിൽ 1237 പേരുടെ പിന്തുണയും. ഹിലരിക്ക് 1561ഉം ട്രംപിന് 621ഉം പേരുടെ പിന്തുണ ഇതുവരെ ലഭിച്ചിട്ടുണ്ട്.

വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഹിലരി ക്ലിൻറൺ വിവിധ സംസ്ഥാനങ്ങളിൽ ജയം നേടിയിരിക്കുന്നത്. ഹിലരിക്ക് ബേണി സാൻഡേഴ്സ് മാത്രമാണ് എതിരാളിയെങ്കിൽ റൂബിയോ, ടെഡ് ക്രൂസ്, ജോൺ കാസിച് എന്നിവരാണ് ട്രംപിനെതിരിൽ മത്സരിക്കുന്നത്. ഇതിൽ മാർകോ റൂബിയോ പിൻമാറിയതോടെ ട്രംപിൻെറ എതിരാളികളുടെ എണ്ണം രണ്ടായി കുറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.