ന്യൂയോര്‍ക്: മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതികള്‍ ചൂടുപിടിച്ച വിവാദങ്ങള്‍ ഉയര്‍ത്തുന്നതിനിടെ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ഹിജാബ് ഫാഷന്‍ മേള മാധ്യമ ശ്രദ്ധകവര്‍ന്നു. ഇന്തോനേഷ്യക്കാരിയായ ഡിസൈനര്‍ അനീസ ഹസിബുവാന്‍ നൂതന രീതിയില്‍ രൂപകല്‍പന ചെയ്ത വസ്ത്രങ്ങളാണ് ഹിജാബണിഞ്ഞ ഒരു സംഘം മോഡലുകള്‍ ന്യൂയോര്‍ക് ഫാഷന്‍ വാരാഘോഷത്തില്‍ വെള്ളിയാഴ്ച അവതരിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ഫാഷന്‍ വാരാഘോഷത്തില്‍ ഹിജാബണിഞ്ഞ മോഡലുകള്‍ക്ക് പ്രവേശം ലഭിക്കുന്നത് ഇതാദ്യമായാണ് എന്നതിനാല്‍ ചരിത്രപ്രധാനം എന്നായിരുന്നു പലരും ഫാഷന്‍ പരേഡിന് നല്‍കിയ വിശേഷണം.
ഹിജാബിനോടൊപ്പം ധരിക്കാവുന്ന ചിത്രത്തുന്നലുകള്‍ക്കുള്ള സ്കേര്‍ട്ടുകള്‍ മുതല്‍ പൈജാമകള്‍ വരെ രൂപകല്‍പനചെയ്ത 30കാരി അനീസയുടെ കരവിരുത് മേളയില്‍ ശ്രദ്ധേയമായി. ഹിജാബിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിനും മറ്റേതൊരു വസ്ത്രംപോലെ ഹിജാബിനെ സ്വീകാര്യമാക്കുന്നതിനുമുള്ള സാംസ്കാരിക ഭാവുകത്വ മാറ്റത്തിന് ഇത്തരം വേദികള്‍ ഉപയുക്തമാക്കാനാകുമെന്നാണ് ഹിജാബ് പരേഡിലെ സംഘാടകര്‍ തെളിയിച്ചതെന്ന് അമേരിക്കന്‍ വംശജ മിലോനി അല്‍തുര്‍ക്ക് വിലയിരുത്തി. അമേരിക്കന്‍ വസ്ത്ര ഡിസൈനര്‍മാര്‍ മിതത്വമാര്‍ന്നതും സ്ത്രീകളുടെ അന്തസ്സിനു ചേര്‍ന്നതുമായ പുതിയ ഡിസൈനുകള്‍ തേടുന്ന വര്‍ത്തമാന ഘട്ടത്തില്‍ ഹിജാബ് ഫാഷന്‍ സര്‍ഗാത്മകതയുടെ പുതിയ വെളിച്ചം പ്രസരിപ്പിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.