ശാന്തമെന്നു പറയാന്‍ നമുക്കുള്ളത് 10 രാജ്യങ്ങള്‍ മാത്രം

ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം 1981 മുതല്‍ ലോകം സെപ്റ്റംബര്‍ 21 അന്താരാഷ്ട്ര സമാധാന ദിനമായി ആചരിച്ചുവരുകയാണ്. ഓരോ സമാധാന ദിനവും പൂര്‍ണ ശാന്തിയോടെ മാലോകരെല്ലാം ഒത്തൊരുമിച്ച് കഴിയുന്ന കാലം പിറവിയെടുക്കുന്നതിനുള്ള ആശകള്‍ പങ്കുവെച്ചാണ് അവസാനിക്കുന്നത്. 200ഓളം രാജ്യങ്ങളില്‍ ലോകത്ത് 10 രാഷ്ട്രങ്ങളാണ് സമാധാനപൂര്‍ണമെന്നു പറയാന്‍ സാധിക്കുന്നതായുള്ളൂവെന്നാണ് 2016ലെ ഗ്ളോബല്‍ പീസ് ഇന്‍ഡക്സ് ചൂണ്ടിക്കാണിക്കുന്നത്.

ആഭ്യന്തര തലത്തിലും അന്താരാഷ്ട്രതലത്തിലും യുദ്ധങ്ങളിലോ സംഘര്‍ഷങ്ങളിലോ ഏര്‍പ്പെടാത്ത രാജ്യങ്ങളാണിത്. ചിലി, കോസ്റ്ററീക, ജപ്പാന്‍, ഖത്തര്‍, ബൊട്സ്വാന, മൊറീഷ്യസ്, പാനമ, സ്വിറ്റ്സര്‍ലന്‍ഡ്, ഉറുഗ്വായ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. ഇവയില്‍ പല രാജ്യങ്ങളും കൊടുംയുദ്ധത്തിന്‍െറ ചരിത്രമുള്ളവയാണ്. ലോകത്തെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണെന്നും ഇന്‍ഡക്സ് ചൂണ്ടിക്കാണിക്കുന്നു. സിറിയ, ലിബിയ, ഇറാഖ്, യമന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതാണ് ഇതിന് കാരണമാകുന്നത്.

പല സംഘര്‍ഷങ്ങളും ആരംഭിക്കുമ്പോള്‍ തടയാന്‍ സാധിക്കാത്തതാണ് പിന്നീട് രൂക്ഷമാകാന്‍ കാരണമാകുന്നത്. 1,12,000 പേര്‍ സംഘര്‍ഷങ്ങളില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 75 ശതമാനവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്ക ആരംഭിച്ച യുദ്ധം ഇറാഖിലും അഫ്ഗാനിലും പതിറ്റാണ്ട് പിന്നിട്ടിട്ടും രൂക്ഷമാവുകയാണ്. സമാധാനപരമായിരുന്ന പല രാജ്യങ്ങളും അശാന്തിയിലേക്ക് നീങ്ങുന്ന അവസ്ഥയും നേരെ തിരിച്ചുമെല്ലാം സംഭവിക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ 71ാമത് പൊതുസഭാ സമ്മേളനം ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണ സമാധാനദിനം എത്തുന്നത്. സിറിയയടക്കമുള്ള രാജ്യങ്ങളില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ഗുണകരമായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും യു.എന്‍ വേദിയാകുമോ എന്നാണ് ഈയവസരത്തില്‍ ലോകം ഉറ്റുനോക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.