ആദ്യ പ്രസിഡന്‍റ് സംവാദം: ആഞ്ഞടിച്ച് ട്രംപും ഹിലരിയും

ന്യൂയോർക്ക്: അമേരിക്കൻ വിദേശ നയവും സാമ്പത്തിക വ്യവസ്ഥയും ചർച്ച ചെയ്ത് ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റന്‍റെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെയും ആദ്യ പ്രസിഡന്‍റ് സംവാദം.  ചിരിച്ച് ഹസ്തദാനം നടത്തിയതിന് ശേഷം തുടങ്ങിയ സംവാദത്തിൽ ഇരുവരും പരസ്പരം കൊമ്പുകോർത്തു.

നികുതിയെ കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇമെയിലുകൾ പുറത്തുവിട്ടാൽ തന്‍റെ നികുതി വിവരങ്ങൾ പുറത്തുവിടാൻ ഒരുക്കമാണെന്ന് ട്രംപ് പറഞ്ഞു.  ധനികനല്ലെന്നും ദാനശീലനെന്നും അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയിൽ ഒളിച്ചുകളി നടത്തുന്നതെന്നായിരുന്നു ഹിലരിയുടെ മറുപടി.  ഇ മെയിലിന്‍റെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹിലരി മറുപടി നൽകി.

ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലരിയുമാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്ന് ഹിലരി തിരിച്ചടിച്ചു. മാറി വന്ന സര്‍ക്കാരുകള്‍ കറുത്തവര്‍ഗക്കാരോട് അനീതി കാണിച്ചു. ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണ് കറുത്തവര്‍ഗക്കാരെ അസ്വസ്ഥരാക്കുന്നത് എന്ന് ഹിലരി തിരിച്ചടിച്ചു.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കൻ ജനതയുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികൾ സ്വീകരിക്കും. നികുതി ഇളവ് നൽകി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയുെമന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സ്വപ്നമെന്നായിരുന്നു ഹിലരിയുടെ മറുപടി. സ്ത്രീകൾക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തിൽ വർധന എന്നിവയാണ് സ്വപ്നം. സാധാരണക്കാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിലരി പറഞ്ഞതോടെ സംവാദം ചൂടുപിടിച്ചു. അവസരസമത്വം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സംവാദം ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്‍റന് അനുകൂലമായിരുന്നു. വാർത്താചാനലായ സി.എൻ.എൻ നടത്തിയ അഭിപ്രായസർവേയിൽ ഹിലരി മുന്നിലാണ്. 62 ശതമാനം പേരാണ് ഹിലരിയെ പന്തുണച്ചത്. ട്രംപിന് 27 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന നാല് സംവാദങ്ങള്‍. ഹോഫ്സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടക്കുന്ന ആദ്യ സംവാദം ലക്ഷക്കണക്കിനു പേരാണ് തൽസമയം കണ്ടത്. എൻ.ബി.സി ചാനൽ അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ടാണ് സംവാദത്തിന്‍റെ മോഡറേറ്റര്‍. 1980ല്‍ റോണള്‍ഡ് റീഗനും ഡിമ്മി കാര്‍ട്ടറും തമ്മില്‍ നടന്നസംവാദമാണ് ഇതിന് മുമ്പ് ഏറ്റവും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. 8 കോടി ജനങ്ങളാണ് അന്ന് സംവാദം കണ്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.