വാഷിങ്ടൺ: സിറിയയിലെ സൈനിക ജയിലിൽ തടവുകാർ കൂട്ടക്കൊല ചെയ്യപ്പെടുന്ന വിവരം മറച്ചുവെക്കാൻ ബശ്ശാർ ഭരണകൂടം ശ്മശാനം നിർമിക്കുന്നതായി യു.എസ് ആരോപിച്ചു. സിറിയൻ തലസ്ഥാനം ഡമസ്കസിൽനിന്ന് 45 മിനിറ്റ് യാത്രയുള്ള സയിദ്നയ സൈനിക ജയിലിലാണ് ശ്മശാനം നിർമിക്കുന്നത്. കെട്ടിടത്തിെൻറ സാറ്റ്ലൈറ്റ് ചിത്രങ്ങൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.
സയിദ്നയ ജയിലിൽ ദിനേന അമ്പതോളം പേർക്ക് വധശിക്ഷ വിധിക്കുന്നതായാണ് റിപ്പോർട്ട്. ജയിലിൽ നടക്കുന്ന കൂട്ടക്കൊലകളുടെ തോത് മറച്ചുവെക്കാനാവും ശ്മശാനം നിർമിക്കുന്നതെന്ന് യു.എസ് നയതന്ത്രജ്ഞൻ സ്റ്റുവർട്ട് ജോൺസ് പറഞ്ഞു. സയിദ്നയയെ കുറിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസിറിപ്പോർട്ടാണ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പുറത്തുവിട്ടത്.
സയിദ്നയയിൽ നടക്കുന്ന കൂട്ടക്കൊലകളെ കുറിച്ച് ആംനസ്റ്റി ഇൻറർനാഷനൽ ഫെബ്രുവരിയിൽ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. സിറിയയിൽ ആഭ്യന്തരയുദ്ധം ആരംഭിച്ച് ആദ്യത്തെ അഞ്ചു വർഷങ്ങളിൽ ഇവിടെ 13,000 തടവുകാർക്ക് വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യത്താകമാനമുള്ള ജയിലുകളിലും തടങ്കൽ ക്യാമ്പുകളിലുമായി ഒരു ലക്ഷത്തിലധികം പേർ കഴിയുന്നുണ്ട്. ജയിലുകളിൽ തടവുകാർ തിങ്ങിഞെരുങ്ങി കഴിയുന്നതായും കടുത്ത പീഡനം നേരിടുന്നതായും വിചാരണകൂടാതെ വധശിക്ഷ നടപ്പാക്കുന്നതായും പതിവായി വാർത്തകൾ വരാറുണ്ട്. എന്നാൽ, സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദ് വ്യാജ വാർത്തയെന്നു പറഞ്ഞ് ആംനസ്റ്റി ഇൻറർനാഷനലിെൻറ റിപ്പോർട്ട് തള്ളിക്കളഞ്ഞിരുന്നു. സിറിയൻ സർക്കാറും പ്രതിപക്ഷ പ്രതിനിധികളും ജനീവയിൽ ചർച്ച നടത്താനിരിക്കെയാണ് യു.എസ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ചർച്ചയിൽ കാര്യമായ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും മാധ്യമങ്ങൾക്കുവേണ്ടി മാത്രമുള്ള യോഗമാണിതെന്നും ബശ്ശാർ അൽഅസദ് പറഞ്ഞിരുന്നു. കസാഖ്സ്താെൻറ തലസ്ഥാനമായ അസ്താനയിൽ നടക്കുന്ന തുർക്കി, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ പിന്തുണക്കുന്ന സമാന്തര ചർച്ചകളിലാണ് ശ്രദ്ധചെലുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചർച്ചക്ക് യു.എസിെൻറ പിന്തുണ ആവശ്യപ്പെട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വാഷിങ്ടണിലെത്തിയിരുന്നു. എന്നാൽ, യു.എസ് ഇത് നിരാകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.