അഭയാര്‍ഥികള്‍ക്കും ഏഴ് രാജ്യങ്ങള്‍ക്കും ട്രംപിന്‍െറ വിലക്ക്

വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്ക്. അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനും ‘തീവ്ര ഇസ്ലാമിക ഭീകരരെ’ അമേരിക്കയില്‍ പ്രവേശിപ്പിക്കാതിരിക്കാനുമുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ഭാവിയില്‍ അമേരിക്കയില്‍ അഭയം നല്‍കുന്ന സിറിയക്കാരില്‍ ക്രിസ്ത്യാനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.  എന്നാല്‍, നയതന്ത്ര വിസ ഉള്‍പ്പെടെ ചില പ്രത്യേക വിഭാഗം വിസകള്‍ അനുവദിക്കും. അഭയാര്‍ഥികളായി പ്രവേശിപ്പിക്കുന്നവര്‍ അമേരിക്കക്ക് ഭീഷണിയാകാതിരിക്കാന്‍ കര്‍ശന പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭാവിയില്‍ അഭയാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ മതത്തിന്‍െറ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍, അവര്‍ മാതൃരാജ്യത്തെ ന്യൂനപക്ഷ മതത്തില്‍പെട്ടവര്‍ ആയിരിക്കണം.

2017ല്‍ സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം 50,000 ആയി കുറച്ചു. മുന്‍ഗാമി ബറാക് ഒബാമ ലക്ഷം പേര്‍ക്ക് അഭയം നല്‍കാനാണ് പദ്ധതിയിട്ടിരുന്നത്. തീവ്ര ഇസ്ലാമിക ഭീകരരെ അമേരിക്കയില്‍ വേണ്ടെന്ന് പെന്‍റഗണില്‍ ഉത്തരവില്‍ ഒപ്പ് വെച്ചശേഷം ട്രംപ് പറഞ്ഞു. ‘‘നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും നമ്മുടെ ജനങ്ങളെ ആഴമായി സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ ഈ രാജ്യത്തേക്ക് സ്വീകരിക്കൂ. 9/11 നല്‍കിയ പാഠങ്ങളും പെന്‍റഗണില്‍ നഷ്ടമായ ധീരരെയും നമ്മള്‍ ഒരിക്കലും മറക്കില്ല. വാക്കുകള്‍ കൊണ്ടുമാത്രമല്ല, പ്രവൃത്തിയിലൂടെയും നാം അവരെ ആദരിക്കും. അതാണ് ഇന്ന് നമ്മള്‍ ചെയ്യുന്നത്’’ -പ്രസിഡന്‍റായശേഷം ആദ്യമായി പെന്‍റഗണില്‍ എത്തിയ ട്രംപ് പറഞ്ഞു.

‘വിദേശ ഭീകരര്‍ യുനൈറ്റഡ് സ്റ്റേറ്റ്സില്‍ പ്രവേശിക്കുന്നതില്‍നിന്ന് രാജ്യത്തിന് സംരക്ഷണം’ എന്ന എക്സിക്യൂട്ടിവ് ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചത്. ഭീകരര്‍ അമേരിക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ 9/11ന് ശേഷം സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ളെന്ന് ട്രംപ് പറഞ്ഞു. സന്ദര്‍ശക, വിദ്യാര്‍ഥി, തൊഴില്‍ വിസകളിലൂടെയോ അഭയാര്‍ഥി പുനരധിവാസപദ്ധതി പ്രകാരമോ അമേരിക്കയില്‍ എത്തിയ നിരവധി പേര്‍ 2001 സെപ്റ്റംബര്‍ 11നുശേഷം ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ മറ്റൊരു രൂപമായ ദുരഭിമാന കൊലയും ഇതര മതവിശ്വാസം പുലര്‍ത്തുന്നവരെ പീഡിപ്പിക്കുന്നതും ഉള്‍പ്പെടെ അസഹിഷ്ണുതയും വെറുപ്പും പുലര്‍ത്തുന്നവരെയും അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - Donald Trump Signs Order to Bar Citizens From 7 Muslim Countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.