ബംഗ്ലാദേശ് സൈന്യത്തിന് രണ്ട് മാസത്തേക്ക് മജിസ്ട്രേറ്റുതല അധികാരം നൽകി ഇടക്കാല സർക്കാർ

ധാക്ക: രാജ്യത്തെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനും ‘അട്ടിമറി ശ്രമങ്ങൾ’ തടയുന്നതിനുമായി സൈന്യത്തിന് രണ്ട് മാസത്തേക്ക് മജിസ്ട്രേറ്റുതല അധികാരം നൽകി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഇതു സംബന്ധിച്ച് പൊതുഭരണ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു.

കരസേനയിലെ കമീഷൻ ചെയ്ത ഉദ്യോഗസ്ഥർക്കാണ് അധികാരം നൽകുക. സൈനിക ഉദ്യോഗസ്ഥർക്ക് പ്രത്യേക എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് പദവി നൽകുന്ന ക്രിമിനൽ നടപടി ക്രമത്തി​ന്‍റെ 17ാം വകുപ്പനുസരിച്ചാണിത്. നിയമവിരുദ്ധമായ റാലികൾ പിരിച്ചുവിടുന്നതും അറസ്റ്റുചെയ്യുന്നതും ഉൾപ്പെടെയുള്ള അധികാരം കരസേനയിലെ കമീഷൻ ചെയ്ത ഉദ്യോഗസ്ഥർക്കുണ്ടാവും. ഇതനുസരിച്ച് സ്വയം പ്രതിരോധത്തിനും അനിവാര്യഘട്ടങ്ങളിലും ഉദ്യോഗസ്ഥന് വെടിയുതിർക്കാൻ കഴിയുമെന്ന് ഇടക്കാല സർക്കാറി​ന്‍റെ ഉപദേഷ്ടാവ് പറഞ്ഞതായി ‘ദി ഡെയ്‌ലി സ്റ്റാർ’ പത്രം റിപ്പോർട്ട് ചെയ്തു.

‘പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് രാജ്യത്തുടനീളമുള്ള വ്യാവസായിക മേഖലകളിൽ അട്ടിമറികൾക്കും അസ്ഥിരതക്കും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സൈനികർക്ക് മജിസ്‌ട്രേറ്റി​ന്‍റെ അധികാരം നൽകിയതെന്ന് നിയമ ഉപദേഷ്ടാവ് ആസിഫ് നസ്‌റുൽ പറഞ്ഞു. സൈനിക ഉദ്യോഗസ്ഥർ ഈ അധികാരം ദുരുപയോഗം ചെയ്യില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 5ന് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാറി​ന്‍റെ പതനത്തിനുശേഷം ബംഗ്ലാദേശിലെ നിരവധി പോലീസ് ഉദ്യോഗസ്ഥർ തെരുവിലില്ലെന്നാണ് റിപ്പോർട്ട്. ഹസീനയെ പുറത്താക്കുന്നതിന് മുമ്പും തൊട്ടുപിന്നാലെയും ജനക്കൂട്ടം പൊലീസി​ന്‍റെ വാഹനങ്ങൾക്കും സ്വത്തുക്കൾക്കും തീയിടുകയും പ്രകടനക്കാർക്ക് നേരെ അമിത ബലപ്രയോഗം നടത്തിയതിന് പ്രതികാരമായി പോലീസ് സംവിധാനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെ തുടർന്നാണിത്.

ആക്രമണത്തെത്തുടർന്ന് ‘ബംഗ്ലാദേശ് പൊലീസ് സബോർഡിനേറ്റ് എംപ്ലോയീസ് അസോസിയേഷൻ’ ആഗസ്റ്റ് 6ന് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ആഗസ്റ്റ് 10ന് ആഭ്യന്തര മന്ത്രാലയത്തി​ന്‍റെ ഉപദേശകൻ എം.സഖാവത് ഹുസൈനുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചു. എന്നിട്ടും പല പോലീസുകാരും ജോലിയിൽനിന്ന് വിട്ടുനിന്നു.

നിലവിലെ ക്രമസമാധാന നില കണക്കിലെടുക്കുമ്പോൾ മുഹമ്മദ് യൂനുസി​ന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറി​ന്‍റെ തീരുമാനം സമയോചിതവും അനിവാര്യവുമാണെന്ന് മുൻ സെക്രട്ടറി അബു ആലം മുഹമ്മദ് ഷാഹിദ് ഖാൻ പറഞ്ഞു. ഈ നീക്കം രാജ്യത്തുടനീളമുള്ള ക്രമസമാധാനനിലയിൽ പ്രകടമായ പുരോഗതി കൈവരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേമസയം, മുതിർന്ന അഭിഭാഷകൻ സി ഖാൻ തീരുമാനത്തോട് വിയോജിച്ചു.‘സർക്കാറിന് മജിസ്‌ട്രേറ്റിൽ വിശ്വാസം നഷ്ടപ്പെട്ടോ? ഡെപ്യൂട്ടി കമീഷണർമാരുടെ കീഴിൽ സൈനികർ മജിസ്‌ട്രേറ്റി​ന്‍റെ ചുമതലകൾ നിർവഹിക്കുന്നത് ശരിയല്ല. സൈനികരെ പൊതുജനങ്ങളുമായി കൂട്ടിക്കലർത്തുന്നത് ബുദ്ധിയല്ലെന്നും’ അദ്ദേഹം വിമർ​ശിച്ചു.

Tags:    
News Summary - Bangladesh's interim government grants magisterial powers to army for two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.