പ്രേതശല്യം: ബ്രസീല്‍ പ്രസിഡന്‍റ് താമസം മാറ്റി

ബ്രസീലിയ: ഒൗദ്യോഗിക വസതിയില്‍നിന്ന് താമസം മാറിയത് പ്രേതശല്യം കാരണമാണെന്ന് ബ്രസീല്‍ പ്രസിഡന്‍റ് മിഷേല്‍ ടെമര്‍. കഴിഞ്ഞ ദിവസമാണ് ഒൗദ്യോഗിക വസതിയായ അല്‍വൊരദ കൊട്ടാരത്തില്‍നിന്ന് ഭാര്യയോടും മകനോടുമൊത്ത് ടെമര്‍ താമസം മാറിയത്. വലിയ നീന്തല്‍കുളം, ഫുട്ബാള്‍ മൈതാനം, ചാപ്പല്‍, വൈദ്യകേന്ദ്രം, വിശാലമായ പുല്‍ത്തകിടി എന്നീ സൗകര്യങ്ങള്‍ ഉപേക്ഷിച്ചാണ് ഇവര്‍ താമസം മാറിയിരിക്കുന്നത്. 

പലരുടെയും സ്വപ്നസൗധമായ കൊട്ടാരത്തില്‍ പ്രേതശല്യമുള്ളതായാണ് പ്രസിഡന്‍റിന്‍െറ പരാതി. 76കാരനായ ടെമര്‍ക്കും 33കാരിയായ ഭാര്യ മാസെലക്കും ഈ സ്ഥലം നേരത്തേ തന്നെ അത്ര പന്തിയായി തോന്നിയിരുന്നില്ല. കൊട്ടാരത്തില്‍ അസ്വാഭാവികമായി പലതും അനുഭവപ്പെട്ടതായും താമസമാരംഭിച്ച ദിവസം മുതല്‍ ഉറക്കം നഷ്ടപ്പെട്ടതായും ടെമര്‍ പറഞ്ഞു. ടെമറിന്‍െറ ഭാര്യക്കും ഇതൊക്കെ അനുഭവപ്പെട്ടത്രേ. നിരന്തരം കൊട്ടാരത്തിനു ചുറ്റും ഓടികളിച്ചുകൊണ്ടിരുന്ന മകന്‍ മിഷേല്‍ സിന്‍ഹോക്കു മാത്രം ഇവിടെ ഇഷ്ടപ്പെട്ടതായും ടെമര്‍ പറഞ്ഞു. കൊട്ടാരത്തിലെ പ്രേതങ്ങളെ ഒഴിപ്പിക്കുന്നതിന് മാസെല ഒരു പുരോഹിതനെ കണ്ടതായും രക്ഷയില്ളെന്നും വേഗം താമസം മാറ്റുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം ഉപദേശിച്ചതായും ഗ്ളോബോ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

പുലര്‍കാലം എന്ന അര്‍ഥം വരുന്ന അല്‍വൊരദ കൊട്ടാരം ബ്രസീലിയന്‍ വാസ്തുശില്‍പി ഓസ്കര്‍ നീംഐയറാണ് രൂപകല്‍പന ചെയ്തത്. നേരത്തേ വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍ താമസിച്ചിരുന്ന ജാബുരു കൊട്ടാരത്തിലാണ് ടെമറും കുടുംബവും ഇപ്പോള്‍ താമസം. കഴിഞ്ഞ വര്‍ഷം  ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്തതിനെ തുടര്‍ന്നാണ് ടെമര്‍ പ്രസിഡന്‍റായത്.  
 

Tags:    
News Summary - 'Ghosts' Scare Brazil's President From Residence: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.