വാഷിങ്ടൺ: യു.എസ് വിസാ നിരോധനം ഏർപെടുത്തിയിരിക്കുന്ന ഏഴു മുസ്ലിം രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇറാഖിനെ നീക്കം ചെയ്യും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻെറ പുതിയ ഇമിഗ്രേഷൻ ഉത്തരവിലാണ് ഇറാഖിനെ ഒഴിവാക്കുന്നത്.
പേര് വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പെന്റഗണിൻെറയും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിൻെറയും സമ്മർദമാണ് തീരുമാനത്തിന് പിന്നിലെന്ന് നാല് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ.എസിനെതിരായ പോരാട്ടത്തിൽ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച അമേരിക്കൻ കോൺഗ്രസ് മുമ്പാകെ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ രീതി കൊണ്ടുവരുന്നതിനെപ്പറ്റി ട്രംപ് സംസാരിച്ചിരുന്നു. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്തരവിൽ പ്രസിഡൻറ് ബുധനാഴ്ച ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് യു.എസ് ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.