കാലിഫോർണിയ: അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ വംശീയധിക്ഷേപങ്ങൾ നടക്കുേമ്പാൾ മൗനം പാലിക്കുന്ന ഫേസ്ബുക്ക് സി.ഇ.ഒ മാർക് സുക്കർബർഗിന് സ്വന്തം സഹപ്രവർത്തകരുടെ വിമർശനം. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തോടെ അമേരിക്കയിൽ ഉടലെടുത്ത വംശവെറിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് മൃദുസമീപനം സ്വീകരിച്ച സുക്കർബർഗിെൻറ നിലപാട് ഫേസ്ബുക്ക് ജീവനക്കാർ സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്തു.
ഫ്ലോയ്ഡിെൻറ മരണത്തെത്തുടർന്നുണ്ടായ അക്രമങ്ങളെ പരാമർശിച്ച് ‘കൊള്ള തുടങ്ങുമ്പോൾ വെടിപ്പെ് തുടങ്ങും’ എന്നവസാനിക്കുന്ന ട്രംപിെൻറ ട്വീറ്റ് അക്രമത്തെ മഹത്വവൽക്കരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ മറച്ചുവെച്ചിരുന്നു.
ട്രംപിെൻറ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന കാര്യങ്ങളുടെ വസ്തുത പരിശോധിക്കേണ്ടത് ഫേസ്ബുക്ക് അല്ലെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്. സമുഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ട്രംപും ട്വിറ്ററും നേരിട്ട് ഏറ്റുമുട്ടുേമ്പാൾ ഫേസ്ബുക് അതിൽ നിന്നും കൃത്യമായ അകലം പാലിച്ചാണ് നിലകൊള്ളുന്നതും ജീവനക്കാരെ ചൊടിപ്പിക്കുന്നു.
ഗൂഗ്ൾ, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് എന്നീ സഹജീവികൾ തങ്ങളുടെ വെബ്പേജിലൂടെയും മറ്റും വംശീയ സമത്വത്തിനായുള്ള പിന്തുണ പങ്കുവെച്ചിരുന്നു. സമീപകാലങ്ങളിൽ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഫേസ്ബുക്ക്, ഗൂഗ്ൾ, ആമസോൺ എന്നീ കമ്പനി ജീവനക്കാർ മുന്നിട്ടിറങ്ങിയിരുന്നു.
തങ്ങളുടെ സി.ഇ.ഒയുടെ മൗനത്തിനെതിരെ ഫേസ്ബുക്കിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരടക്കമാണ് വിമർശിച്ചിരിക്കുന്നത്. ‘മാർക്കിന് തെറ്റുപറ്റി. അദ്ദേഹത്തിെൻറ മനസ് മാറ്റാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും’- സുക്കർബർഗിെൻറ സഹപ്രവർത്തകനായ റയാൻ ഫ്രെയ്റ്റാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഫേസ്ബുക്ക് ന്യൂസ്ഫീഡിലെ പ്രൊഡക്ട് ഡിസൈൻ ഡയറക്ടറാണ് ഇദ്ദേഹം. ഫേസ്ബുക്കിനകത്തെ മാറ്റം സാധ്യമാക്കാൻ സമാനമനസ്കരായ 50 പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പട്ടു.
‘ഞാൻ ഫേസ്ബുക്കിലാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ പ്രവർത്തിയിൽ എനിക്ക് അഭിമാനമില്ല. ഞാൻ സംസാരിച്ച ഭൂരിഭാഗം സഹപ്രവർത്തകർക്കും ഇതേ അഭിപ്രായമാണ്. ഞങ്ങളുടെ ശബ്ദം ഉയരെ കേൾപിക്കാനാണ് ശ്രമം’ കമ്പനിയിലെ പ്രൊഡക്ട് മാനേജ്മെൻറ് ഡയറക്ടറായ ജേസൺ ടോഫ് ട്വീറ്റ് ചെയ്തു.
‘ജനങ്ങളുടെ വികാരം ഞങ്ങൾ മനസിലാക്കുന്നു. പ്രത്യേകിച്ച് നമ്മുടെ കറുത്ത വർഗക്കാരായ സഹോദരങ്ങളുടെ’- കമ്പനി ജീവനക്കാരെ ഉദ്ധരിച്ച് ഫേസ്ബുക്ക് വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.