ബെയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ മധ്യഭാഗത്തുള്ള താമസ സമുച്ചയം വൻ വ്യോമാക്രമണത്തിൽ ഇസ്രയേൽ തകർന്നു. നാലു പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തലസ്ഥാനത്തെ ജനസാന്ദ്രതയേറിയ ബസ്ത ജില്ലയിൽ എട്ടു നിലകളുള്ള കെട്ടിടം അഞ്ച് മിസൈലുകളാൽ പൂർണമായും നശിപ്പിച്ചതായി ലെബനാൻ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തോട് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
നഗരത്തെ നടുക്കിയ സ്ഫോടനങ്ങളോടെയാണ് ഇസ്രായേൽ ആക്രമണം. പുക ഉയരുന്ന ഒരു വലിയ ഗർത്തത്തിൽനിന്ന് അടിയന്തര രക്ഷാ സംഘങ്ങൾ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥലത്തുനിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈ ആഴ്ച മധ്യ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. തങ്ങളുടെ വക്താവ് മുഹമ്മദ് അഫീഫ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല തിങ്കളാഴ്ച അറിയിച്ചിരുന്നു. സമീപ മാസങ്ങളിലായി ഇസ്രായേൽ ആക്രമണങ്ങളിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഉൾപ്പെടെ ബെയ്റൂത്തിലെ നിരവധി പ്രമുഖ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 3,500ൽ അധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേരെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തതായി ലെബനീസ് അധികൃതർ പറയുന്നു.
വെടിനിർത്തൽ ഉറപ്പാക്കാനുള്ള ശ്രമത്തിൽ ഈ ആഴ്ച ആദ്യം ഒരു യു.എസ് മധ്യസ്ഥൻ ഇസ്രായേലും ലെബനാനും സന്ദർശിച്ചിരുന്നു. ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെന്ന സൂചനയുണ്ടെങ്കിലും വിശദാംശങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.