വാഷിങ്ടൺ: പപ്പാ...പപ്പാ... ഞാനിവിടെ തനിച്ചാണ്. എന്നെ രക്ഷിക്കൂ... മെക്സിക്കൻ അതിർത്തിയിൽ ഉറ്റവരിൽനിന്ന് ഒറ്റപ്പെട്ട് സർക്കാർ വക സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന ആറു വയസ്സുകാരി പിതാവിനെ വിളിച്ചുകരയുകയാണ്. കോൺസൽ ഉദ്യോഗസ്ഥരിൽ ചിലർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, കുട്ടി കരച്ചിൽ നിർത്തുന്നില്ല. പ്രൊപബ്ലിക്ക എന്ന മാധ്യമമാണ് വിഡിയോ പുറത്തുവിട്ടത്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള ശബ്ദശകലത്തിൽ കുട്ടി സ്പാനിഷ് ഭാഷയിൽ തെൻറ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നതും ശിശു സംരക്ഷണ കേന്ദ്രത്തിൽനിന്നു പുറത്തുവിടാൻ അപേക്ഷിക്കുന്നതുമാണ് കേൾക്കുന്നത്. വിഡിയോ പുറത്തുവന്നതോടെ കരുതൽ തടങ്കലിലെ കുട്ടികൾ പീഡനമനുഭവിക്കുകയാണെന്ന് ആരോപണമുയർന്നു. അജ്ഞാതനായ വ്യക്തി റെക്കോഡ് ചെയ്ത വിഡിയോ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയായ ജന്നിഫർ ഹാർബറിക്കാണ് ലഭിച്ചത്. അവരത് പ്രൊപബ്ലിക്കക്ക് കൈമാറുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ ട്രംപിനെതിരെ പരക്കെ വിമർശനമുയരുകയാണ്.
ട്രംപ് ഭരണകൂടം കുടിേയറ്റ നയം കടുപ്പിച്ചതോടെ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ 2300 കുട്ടികളാണ് മെക്സിക്കൻ അതിർത്തിയിൽ ഒറ്റപ്പെട്ടുപോയത്. അവരിൽ നൂറുപേർ നാലു വയസ്സിൽ താഴെയുള്ളവരാണ്. അതിർത്തിയിൽ തട്ടിക്കൂട്ടിയ ക്യാമ്പുകളിലാണിവരെ പാർപ്പിച്ചിരിക്കുന്നത്. മതിയായ രേഖകളില്ലാതെ അതിക്രമിച്ചുകടക്കുന്നവരെ ജയിലിലടക്കണമെന്നാണ് ട്രംപിെൻറ നിർദേശം. പ്രഥമ വനിത മെലാനിയ ട്രംപും മുൻ പ്രഥമ വനിത ലോറ ബുഷും ഉൾപ്പെടെയുള്ളവർ ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ആരോപണം യു.എസിെൻറ കുടിയേറ്റ-അതിർത്തി സുരക്ഷ മേധാവി ക്രിസ്റ്റ്ജൻ നീൽസൺ നിഷേധിച്ചു. ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സംരക്ഷണ കേന്ദ്രങ്ങളിൽ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്കു പിന്നാലെ, കുടിയേറ്റ നയത്തിനു മാറ്റമില്ലെന്നും യു.എസിനെ മറ്റൊരു യൂറോപ്പാകാൻ സമ്മതിക്കില്ലെന്നും തങ്ങളുെട രാജ്യം അഭയാർഥി കേന്ദ്രമല്ലെന്നും ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകളുടെ നയങ്ങളാണ് രാജ്യത്ത് ഇത്രയും അഭയാർഥികൾ ഉണ്ടാവാൻ കാരണമെന്നും കെട്ടുറപ്പുള്ള ഒരു കുടിയേറ്റ നയം ഉടൻ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.