വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻറ് മൈക് പെൻസിനെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ്. പരിശോധനയിൽ പെൻസ് കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. വൈറ്റ് ഹൗസ് മെഡിക്കൽ യൂനിറ്റിെൻറ നിർദേശങ്ങൾ അദ്ദേഹം പാലിക്കുന്നുണ്ടെന്നും വക്താവ് ഡെവിൻ ഒ മാലി അറിയിച്ചു.
വൈസ് പ്രസിഡൻറിന് ദിവസേന കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. കോവിഡ് നെഗറ്റീവായതിനാൽ അദ്ദേഹം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും ഒാഫിസിൽ സജീവമാണെന്നും വക്താവ് അറിയിച്ചു.
വെള്ളിയാഴ്ച പെൻസിെൻറ പ്രസ് സെക്രട്ടറി കാറ്റി മില്ലറിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്നാണ് പെൻസിനും കോവിഡെന്ന വാർത്ത പ്രചരിച്ചത്.
കാറ്റി മില്ലറിനെ കൂടാതെ വൈറ്റ് ഹൗസിൽ രണ്ടുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സുരക്ഷാ ഉദ്യോഗസ്ഥനും മകളായ ഇവാൻകയുടെ പേഴ്സണൽ അസിസ്റ്റൻറുമാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് ട്രംപിനും പെൻസിനും ദിനേന കോവിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു.
കൂടാതെ, അമേരിക്കയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം െകാടുക്കുന്ന ദൗത്യസംഘത്തിലെ മൂന്നുപേരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് (എൻ.െഎ.എ.െഎ.ഡി)ഡയറക്ടർ ഡോ. ആൻറണി ഫൗസി, സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറൻറീനിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.