പെട്രോൾ ഇറക്കുമതി; ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കുമെന്ന് വെനിസ്വേല

കാരക്കസ്: പെട്രോളുമായി രാജ്യത്തേക്ക് വരുന്ന ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കുമെന്ന് വെനിസ്വേല. വെനിസ്വേലൻ പ്രതിരോധ മന്ത്രി വ്ലാഡിമർ പദ്രീനോയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയായ 200 നോട്ടിക്കൽ മൈൽ അകലെവെച്ച് കപ്പലുകൾക്ക് ബൊളീവിയൻ നാഷണൽ ആംഡ് ഫോഴ്സ് ബോട്ടുകൾ അകമ്പടി സേവിക്കും. 

ഇറാൻ കപ്പലുകളെ അമേരിക്ക തടയാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് വെനിസ്വേലയുടെ നീക്കം. ഫോർച്യൂൺ, ഫോറസ്റ്റ്, പെറ്റുനിയ, ഫാക്സോൺ, ക്ലാവൽ എന്നീ അഞ്ച് കപ്പലുകളാണ് 1.5 മില്യൻ ബാരൽ പെട്രോളുമായി വരുന്നത്. 

ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനിസ്വേല. എന്നാൽ, എണ്ണ ഉൽപാദനം വളരെ കുറവാണ്. ഇതേതുടർന്ന് രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി പെട്രോളിന്‍റെ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.  

അതേസമയം, ഇറാനിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ യു.എസ് പിന്തുണയുള്ള പ്രതിപക്ഷ നേതാവ് ജുവാൻ ഗുയ്ദോ രംഗത്തെത്തി. പ്രസിഡന്‍റ് നിക്കോളാസ് മദൂറോയുടെയും രാജ്യത്തെ എണ്ണ കമ്പനികളുടെയും കൊടുകാര്യസ്ഥത കൊണ്ടാണ് പെട്രോൾ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടായതെന്ന് ജുവാൻ ആരോപിച്ചു.

Tags:    
News Summary - Oil shipment: Venezuelan military to escort Iranian fuel tankers -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.