ലോസ്ആഞ്ജലസ്: കഴിഞ്ഞദിവസം നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ ഒാപ്ര വിൻഫ്രി നടത്തിയ പ്രഭാഷണം ലോകം കൈയടികളോടെയാണ് സ്വീകരിച്ചത്. കാരണം, സ്ത്രീ സമൂഹവും വിവിധ വംശീയ വിഭാഗങ്ങളും നേരിടുന്ന വിവേചനങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു പ്രഭാഷണം. പ്രത്യേകിച്ച് ഹോളിവുഡ് സിനിമ മേഖലയിൽ ലൈംഗികാരോപണങ്ങൾ ഉയർന്നശേഷമുള്ള ചടങ്ങിൽ സ്ത്രീകളുടെ ആത്മവിശ്വാസത്തിെൻറ പ്രതീകമായി ഒാപ്രയുടെ ഒാരോ വാക്കും. എന്നാൽ, പ്രഭാഷണത്തിനുശേഷം അമേരിക്കയും ലോകവും പ്രതീക്ഷയോടെ ഒാപ്രയിലേക്ക് കണ്ണയക്കുന്നത് മറ്റൊരു വാർത്ത കേൾക്കാനാണ്. 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒാപ്ര സ്ഥാനാർഥിയാകുമെന്ന വാർത്തയാണത്. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിനുശേഷം നിരവധിപേരാണ് ഒാപ്രയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ ഇതിനനുകൂലമായി ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരാണ് കാമ്പയിനിന് നേതൃത്വം നൽകുന്നത്. എന്നാൽ, ഒാപ്രയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ടെലിവിഷൻ അവതാരിക എന്ന നിലയിൽ അമേരിക്കയിലെ ടി.വി പ്രേക്ഷകർക്ക് സുപരിചിതയാണ് ഒാപ്ര. 63കാരിയായ ഇവർ സംരംഭകയും കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള സമ്പന്നയുമാണ്. കറുത്ത വർഗക്കാരിയായ ഇവർ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തിയാൽ സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഗണന ലഭിക്കുമെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നു. മത്സര രംഗത്തേക്കു വരുന്ന കാര്യം ഒാപ്ര സജീവമായി ചിന്തിക്കുന്നുണ്ടെന്ന് യു.എസ് മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ അടുത്ത സുഹൃത്തുകൂടിയായ ഇവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻറനെയും പിന്തുണച്ച് രംഗത്തുവന്നിരുന്നു. 1954ൽ മിസിസിപ്പിയിലെ ദരിദ്ര സാഹചര്യത്തിൽനിന്നാണ് അമേരിക്കയിലെ വിലപിടിപ്പുള്ള ടെലിവിഷൻ അവതാരകയായി ഒാപ്ര വളർന്നത്.
‘സീസിൽ ബി ഡിമൈൽ’ എന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബിൽ ഒാപ്ര നേടിയത്. പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കാൻ മടിച്ച കാലം സ്ത്രീകൾക്ക് അവസാനിച്ചെന്നും ചക്രവാളത്തിൽ പുതുദിനം ഉദയം ചെയ്തെന്നും പറഞ്ഞ് ‘മീ ടൂ’ കാമ്പയിനെ അഭിനന്ദിച്ചായിരുന്നു അവരുടെ ചടങ്ങിലെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.