അമേരിക്കയുടെ സംരക്ഷണം ഹിലരിയെ ഏല്‍പിക്കാനാവില്ല –ട്രംപ്

ഫ്ളോറിഡ: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെ അമേരിക്കയുടെ സംരക്ഷകയായി കാണാനാവില്ളെന്ന് എതിരാളി ഡൊണാള്‍ഡ് ട്രംപ്. വടക്കന്‍ കരോലൈനയിലെ സെലമില്‍ നടന്ന  തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കവേയായിരുന്നു ഹിലരിക്കെതിരെ ട്രംപ് ആഞ്ഞടിച്ചത്. ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന ആളാണ് ഹിലരി. അതും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ രാജ്യത്തിന്‍െറ ഭരണം ഏല്‍പിക്കാനാവും.

ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ സ്വന്തം ഇ-മെയിലുകള്‍ സൂക്ഷിച്ചുവെക്കാനാണ് ഹിലരി ശ്രമിക്കുന്നത്. ഐ.എസ് അമേരിക്കക്കും യൂറോപ്പിനും ഭീഷണിയായി വളര്‍ന്നത് ഒബാമയും ഹിലരിയും പരാജയമാണെന്നതിന് തെളിവാണ്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം കൂട്ടി ഈ നാടു തകര്‍ക്കാനാണ് ഹിലരി ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച് പുരസ്കാരം ഏറ്റുവാങ്ങിയവരെ വേദിയിലിരുത്തി അവരുടെ പേരെടുത്തുപറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്.
റെക്കോഡ് വോട്ടെടുപ്പ്

വാഷിങ്ടണ്‍:  പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പോളിങ്  റെക്കോഡിലേക്ക്. 2012ലെ തെരഞ്ഞെടുപ്പില്‍  മൂന്നു കോടിയോളം പേരാണ് വോട്ട് ചെയ്തതെങ്കില്‍ ഇത്തവണ ഇതിനകം മൂന്നരക്കോടി ആളുകള്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് റെക്കോഡ് പോളിങ്ങാണെന്ന് തെരഞ്ഞെടുപ്പ് പ്രോജക്ട് കോഓഡിനേറ്റര്‍ മൈക്കല്‍ മക്ഡൊണാള്‍ഡ് പറഞ്ഞു.

തെരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളുടെ അവബോധം വര്‍ധിച്ചതാണ് ഇതിനു കാരണമെന്ന് അദ്ദേഹം വിലയിരുത്തി. 2008ല്‍ അവസാന തെരഞ്ഞെടുപ്പിനു മുമ്പ് 29.7 ശതമാനവും 2012ല്‍ 31.6 ശതമാനവുമാണ് വോട്ട് ചെയ്തത്.
ഫ്ളോറിഡയിലെ ഇന്ത്യന്‍ വംശജര്‍ റിപ്പബ്ളിക്കന്‍
പാര്‍ട്ടിക്കൊപ്പം

ന്യൂയോര്‍ക്: കഴിഞ്ഞ രണ്ടുതവണ പ്രസിഡന്‍റ് ബറാക് ഒബാമക്ക് വോട്ടുചെയ്ത ഫ്ളോറിഡയിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ ഇത്തവണ കളംമാറ്റി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. ഇതില്‍ സ്ത്രീകളും പുരുഷന്മാരും രണ്ടു തട്ടിലാണ്. രാഷ്ട്രീയ ജീവിതത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ചെയ്ത ഒട്ടനവധി കാര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയെ പിന്തുണക്കുമ്പോള്‍ പുരുഷന്മാര്‍ ട്രംപിന് പൂര്‍ണ സഹകരണം പ്രഖ്യാപിച്ചു.  

ഹിലരിക്ക് രാഷ്ട്രീയമേഖലയില്‍ ട്രംപിനെക്കാള്‍  മുന്‍പരിചയമുണ്ട്. തീര്‍ച്ചയായും ഇത് അമേരിക്കയെ നയിക്കാന്‍ പ്രയോജനം ചെയ്യുമെന്നാണ് ഫ്ളോറിഡ കോളജ് പ്രഫസര്‍ ഇന്ദ്രാണി സിന്ധുവാലി പറയുന്നത്. ഒര്‍ലാന്‍ഡോയില്‍ താമസിക്കുന്ന റാണി ഇഗ്നാറ്റിസിന്‍െറ അഭിപ്രായം ഇങ്ങനെ: ‘‘സ്ത്രീകളെക്കുറിച്ച് വൃത്തികേട് പറയുന്ന ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ വിശ്വസിക്കാനാവും. എന്നാല്‍, ഇക്കാര്യങ്ങള്‍ ഭര്‍ത്താക്കന്മാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്’’.  

അതേസമയം പുരുഷന്മാരുടെ  കാഴ്ചപ്പാട് വ്യത്യസ്തമാണ്. രാഷ്ട്രീയ ജീവിതത്തില്‍ കാര്യമായി പരിചയം ഇല്ളെങ്കിലും ട്രംപിന്‍െറ നയങ്ങള്‍  അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോന്നതാണെന്നാണ് ഒര്‍ലാഡോയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നിര്‍മിച്ച ശാന്തിനികേതന്‍െറ സ്ഥാപകനായ ഇഗീ ഇഗ്നേഷ്യസിന്‍െറ അഭിപ്രായം. ഡോക്ടര്‍ പവാന്‍ രത്തന്‍െറ വാദവും ഇതുതന്നെ.

 

Tags:    
News Summary - trump hillary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.