ന്യൂയോർക്: വിലക്കുകൾ അവഗണിച്ച് വീണ്ടും മിസൈൽ പരീക്ഷണം നടത്തിയ ഉത്തരകൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് ലോകരാജ്യങ്ങളോട് അമേരിക്ക. നയതന്ത്ര-വ്യാപാര ബന്ധങ്ങളെല്ലാം ഉപേക്ഷിക്കണമെന്നാണ് യു.എൻ രക്ഷാ സമിതിയിൽ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ ബന്ധം ഉപേക്ഷിക്കുന്നത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്നതിനാൽ അത്തരം നടപടിക്ക് കഴിയില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഉത്തരകൊറിയക്ക് എണ്ണ നൽകുന്നത് അവസാനിപ്പിക്കാൻ ചൈനയോട് പ്രസിഡൻറ് ട്രംപ് ആവശ്യപ്പെട്ടതായും നിക്കി ഹാലി വെളിപ്പെടുത്തി.
യു.എസ് സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, യുദ്ധമുണ്ടായാൽ ഉത്തരകൊറിയ മുഴുവനായും നശിപ്പിക്കപ്പെടുമെന്നും ഹാലി പറഞ്ഞു. മിസൈൽ-ആണവ പരീക്ഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉത്തരകൊറിയയോട് ആവശ്യപ്പെട്ട റഷ്യൻ പ്രതിനിധി വാസിലി നബൻസിയ, ഡിസംബറിൽ ദക്ഷിണകൊറിയയിൽ യു.എസ് നടത്തുന്ന സൈനിക അഭ്യാസവും നിർത്തിവെക്കണമെന്നാവശ്യപ്പെട്ടു. ഇത് കലുഷിതമായ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് പ്രതിനിധിയും ഇതേ ആവശ്യം രക്ഷാസമിതിയിൽ ഉന്നയിച്ചു.
ബുധനാഴ്ച പുലർച്ചയോടെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടന്നത്. തുടർന്ന് പരീക്ഷണം വിജയകരമാെണന്നും അമേരിക്കയിലെ ഏതുപ്രദേശത്തും ഇതിന് എത്താനാവുമെന്നും ഉത്തരകൊറിയൻ സർക്കാർ ചാനൽ വെളിപ്പെടുത്തുകയും ചെയ്തു. യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നത് ഇൗ പശ്ചാത്തലത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.