ന്യൂയോർക്ക്: കോവിഡ് 19 പശ്ചാത്തലത്തിൽ വരുന്ന സെപ്തംബറിന് മുമ്പ് ഓഫിസുകൾ തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്വിറ്റർ അധികൃതർ നേരത്തേ വ്യക്തമാക്കിയതാണ്. ഇപ്പോൾ മറ്റ് കമ്പനികൾക്ക് മാതൃകയാക്കാവുന്ന മറ്റൊരു തീരുമാനം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. കോവിഡ് കാലം കഴിഞ്ഞാലും വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് ട്വിറ്ററിന്‍റെ പുതിയ നിർദേശം.
സാൻഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി, ജീവനക്കാരുടെ ആരോഗ്യം പരിഗണിച്ച് മാർച്ച് മാസം മുതൽ തന്നെ ടെലിവർക്ക് സംവിധാനം നടപ്പിലാക്കിയിരുന്നു. എവിടെയിരുന്നാലും ജോലിയെടുക്കാൻ സാധിക്കുമെന്ന് തങ്ങൾ തെളിയിക്കുകയാണെന്നാണ് ട്വിറ്ററിന്‍റെ അവകാശവാദം. ഇത്തരത്തിൽ ജോലി ചെയ്യാൻ കഴിയുമെന്ന് രണ്ട് മൂന്ന് മാസങ്ങൾക്കിടെ തങ്ങൾ തെളിയിച്ചു. ജീവനക്കാർക്ക് തുടർന്നും ഇതാണ് താൽപര്യമെങ്കിൽ അങ്ങനെത്തന്നെ തുടരാമെന്നും ട്വിറ്റർ വക്താവ് പറഞ്ഞു.
സാഹചര്യങ്ങൾ അനുവദിക്കുമെങ്കിൽ സെപ്തംബറിൽ ഓഫിസുകൾ തുറക്കും. അത്യാവശ്യമുള്ളവ മാത്രം ക്രമേണ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. എങ്കിലും ഓഫിസിൽ വരണമോ, വീട്ടിലിരുന്ന് ജോലി ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് ജീവനക്കാരാണ് എന്നും വക്താവ് അറിയിച്ചു.
ഗുഗിൾ, ഫേസ്ബുക്ക് എന്നീ കമ്പനികൾ ഈ വർഷാവസാനം വരെ ഭൂരിഭാഗം ജീവനക്കാർക്കും 'വർക്ക് ഫ്രം ഹോം' സംവിധാനത്തിൽ ജോലി ചെയ്യാൻ അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വിറ്റർ എല്ലാക്കാലത്തും 'വർക്ക് ഫ്രം ഹോം' മതിയെന്ന് നിലപാടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.