യു.എൻ: സിറിയയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യക്ക് തിരിച്ചടി. സിറിയൻ വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം തള്ളി.
ഡമസ്കസിലുള്ള രാസായുധ ശേഖരം തകർത്തെന്ന് അമേരിക്കയുടെ യു.എൻ പ്രതിനിധി നിക്കി ഹാലി സഭയെ അറിയിച്ചു. എന്നാൽ, രാസായുധ നിർവീകരണ സംഘടനയുടെ പരിശോധനയിൽ രാസായുധ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യൻ പ്രതിനിധി വാസിലി നെബൻസിയ വ്യക്തമാക്കി.
സിറിയയെ ആക്രമിച്ച യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ നുണയന്മാരും കൊള്ളക്കാരും ആത്മവഞ്ചകരും ആണെന്ന് സിറിയൻ പ്രതിനിധി ബഷർ ജാഫരി പ്രതികരിച്ചു.
വിമതർക്കും ജനങ്ങൾക്കുമെതിരെ ആക്രമണം ശക്തമാക്കിയ ബശ്ശാർ അൽഅസദ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് സിറിയയിൽ വ്യോമാക്രമണം നടത്തിയത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു യു.എസിന്റെ നേതൃത്വത്തിൽ സഖ്യകക്ഷികൾ ആക്രമണം നടത്തിയത്. തലസ്ഥാനമായ ഡമസ്കസിലെ ഒന്നും ഹിംസിലെ രണ്ടും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സിറിയയുടെ സുഹൃദ് രാജ്യമായ റഷ്യയുടെ മുന്നറിയിപ്പ് തള്ളിയാണ് സഖ്യകക്ഷികളുടെ നടപടി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണത്തെ കടുത്തഭാഷയിൽ വിമർശിച്ച് റഷ്യ രംഗത്തെത്തി. സംഘർഷം തുടങ്ങിയതു മുതൽ ബശ്ശാർ സർക്കാറിനെ പിന്തുണക്കുന്ന റഷ്യ സിറിയക്കെതിരായ ഏത് ആക്രമണത്തെയും ചെറുക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.