അമേരിക്കൻ വോട്ടുചരിത്രം: നാള്‍വഴികള്‍

1776: യു.എസ്.എ സ്ഥാപിതമായ വര്‍ഷം ഭൂവുടമകള്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം. ഭൂവുടമകള്‍ മിക്കവാറും വെള്ളക്കാരായ പ്രൊട്ടസ്റ്റന്‍റുകളായിരുന്നു.
1787: യു.എസ് ഭരണഘടന അംഗീകരിക്കപ്പെട്ടു. വോട്ടവകാശം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ചട്ടം.
1790: സ്വതന്ത്രരായ വെളുത്ത കുടിയേറ്റക്കാര്‍ക്കു മാത്രം വോട്ടവകാശമെന്ന് നിഷ്കര്‍ഷിക്കുന്ന പൗരത്വനിയമം കൊണ്ടുവന്നു.
1792: വോട്ടവകാശത്തിന് ഭൂവുടമയാവണമെന്നില്ളെന്ന് ന്യൂ ഹാംഷെയറില്‍ മാത്രം ഭേദഗതിയുണ്ടായി. അതോടെ, അവിടെയുള്ള എല്ലാ വെളുത്തവര്‍ഗക്കാര്‍ക്കും വോട്ടുരേഖപ്പെടുത്താനായി.
1807: ന്യൂജഴ്സിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമില്ളെന്ന് നിയമം ഭേദഗതി ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള 113 വര്‍ഷം യു.എസില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നില്ല.
1828: മതഭേദമന്യേ, ജൂത മതവിശ്വാസികള്‍ക്കും വോട്ടുരേഖപ്പെടുത്താമെന്ന് മാരിലാന്‍ഡ് നിയമം പാസാക്കി.
1848: ന്യൂയോര്‍ക്കിലെ സെനക്ക ഫാള്‍സില്‍ നടന്ന സ്ത്രീ അവകാശ സമ്മേളനം സാര്‍വത്രിക വോട്ടവകാശം നല്‍കണമെന്ന പ്രമേയം പാസാക്കി. പത്രാധിപരും മുന്‍ അടിമയുമായിരുന്ന ഫ്രഡറിക് ഡൗഗ്ളാസിന്‍െറ പ്രസംഗമാണ് പ്രമേയം പാസാക്കാന്‍ പ്രചോദനമായത്.
1848: മെക്സികോ-അമേരിക്ക യുദ്ധം അവസാനിച്ചതിനെ തുടര്‍ന്ന്, യു.എസ് അധിനിവേശം ചെയ്ത പ്രവിശ്യകളിലെ മെക്സികോ വംശജര്‍ക്ക് വോട്ടവകാശം. എന്നാല്‍, വോട്ടു ചെയ്യണമെങ്കില്‍, ഇംഗ്ളീഷ് ഭാഷാപരിജ്ഞാനം അനിവാര്യമെന്ന നിബന്ധന വോട്ടവകാശം വെള്ളക്കാരില്‍തന്നെ പരിമിതപ്പെടുത്തുന്നതിന് കാരണമായി.
1868: മുമ്പ് അടിമകളായിരുന്നവര്‍ക്കും പൗരത്വം നല്‍കി 14ാം ഭരണഘടന ഭേദഗതിയുണ്ടായി.
1870: വംശത്തിന്‍െറ അടിസ്ഥാനത്തില്‍ വോട്ടവകാശം തടയരുതെന്ന 15ാം ഭരണഘടന ഭേദഗതി പാസായെങ്കിലും, വോട്ട് നികുതി ഏര്‍പ്പെടുത്തിയും, സാക്ഷരത പരിശോധന നടത്തിയും, ആഫ്രിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം ലഭിക്കുന്നത് യു.എസ് സംസ്ഥാനങ്ങള്‍ പരമാവധി തടഞ്ഞു.
1872: വോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നതിന്‍െറ പേരില്‍ സൂസന്‍ ബി. ആന്തണിയെ അറസ്റ്റ് ചെയ്യുകയും, മുമ്പ് അടിമയായിരുന്ന സൊജോര്‍ണര്‍ ട്രൂത്ത് എന്നീ സ്ത്രീയെ തിരിച്ചയക്കുകയും ചെയ്തു.
1876: ആദിമ അമേരിക്കന്‍ വംശജര്‍ പൗരന്മാരല്ളെന്ന് സുപ്രീംകോടതി വിധി. അതോടെ അവര്‍ക്ക് വോട്ടവകാശമില്ലാതായി.
1887: ആദിമനിവാസികളെന്ന അവകാശം കൈയൊഴിയുന്നവര്‍ക്ക് വോട്ടവകാശമെന്ന നിയമം പാസായി.
1890: സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച് യോമിങ് സംസ്ഥാനം നിലവില്‍ വന്നു.
1912–1913: വോട്ടവകാശത്തിനായി ന്യൂയോര്‍ക്കിലും വാഷിങ്ടണിലും സ്ത്രീകളുടെ മാര്‍ച്ച്.
1919: യു.എസ് സേനയില്‍ സേവനമനുഷ്ഠിക്കുന്ന ആദിമനിവാസികള്‍ക്ക് പൗരത്വവും വോട്ടവകാശവും നല്‍കി.
1920: സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി 19ാം ഭരണഘടന ഭേദഗതി.
1922: ജാപ്പനീസ് വംശജര്‍ക്ക് സ്വാഭാവിക യു.എസ് പൗരത്വം അനുവദിക്കാനാവില്ളെന്ന് സുപ്രീംകോടതി വിധി. ഏഷ്യന്‍ ഇന്ത്യക്കാര്‍ക്കും പൗരത്വത്തിന് അവകാശമില്ളെന്ന വിധിയും അടുത്ത വര്‍ഷമുണ്ടായി.
1924: ആദിമനിവാസികള്‍ക്ക് പൗരത്വം നല്‍കി നിയമം പാസായെങ്കിലും, അവര്‍ക്ക് വോട്ടവകാശം നല്‍കി മിക്ക സംസ്ഥാനങ്ങളും നിയമം പാസാക്കി. വോട്ട് ചെയ്യാന്‍ ശ്രമിച്ച ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെ കടുത്ത പൊലീസ് നടപടിയുണ്ടായി.
1947: തദ്ദേശീയരായ അമേരിക്കക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് നിയമതടസ്സങ്ങള്‍ പൂര്‍ണമായും നീക്കി.
1952: ഏഷ്യന്‍ വംശജര്‍ക്കും വോട്ട് ചെയ്യാമെന്ന് നിയമം.
1961: വാഷിങ്ടണ്‍ ഡി.സിയിലെ പൗരന്മാര്‍ക്ക് വോട്ടവകാശം നല്‍കി. എന്നാല്‍ ഇന്നും, ഈ സംസ്ഥാനത്തെ പകുതിയിലധികം വരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് യു.എസ് കോണ്‍ഗ്രസില്‍ വോട്ടിങ് പ്രാതിനിധ്യമില്ല.
1962: വോട്ടവകാശം പൗരാവകാശമായി.
1964: നികുതിയടക്കാത്തതിന്‍െറ പേരില്‍ വോട്ടവകാശം തടയാനാവില്ളെന്ന് ഭരണഘടന ഭേദഗതി. വോട്ടവകാശത്തിനു വേണ്ടി ജയിംസ് മെറിഡിത്, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, സ്റ്റോകി കാര്‍മിഷേല്‍ എന്നിവരുടെ നേതൃത്വത്തില്‍ പിന്നെയും സമരങ്ങള്‍ തുടര്‍ന്നു.
1971: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം.
1975: വോട്ടിങ് ഉപകരണങ്ങള്‍ വിവിധ ഭാഷകളില്‍ ലഭ്യമാക്കി.
2000: പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, അമേരിക്കന്‍ സമോവ, യു.എസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നീ യു.എസ് പ്രവിശ്യകളില്‍ താമസിക്കുന്ന 4.1 ദശലക്ഷം ജനങ്ങള്‍ക്ക് വോട്ടവകാശമില്ളെന്ന് സുപ്രീംകോടതി വിധി.

 

 

Tags:    
News Summary - us election timeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.