യു.എസ് തെരഞ്ഞെടുപ്പും ഒക്ടോബര്‍ വിസ്മയങ്ങളും

വാഷിങ്ടണ്‍: നവംബറിലെ ആദ്യ ചൊവ്വാഴ്ചകളാണ് യു.എസിലെ വോട്ടെടുപ്പ് ദിനങ്ങള്‍. എന്നാല്‍, തെരഞ്ഞെടുപ്പിന്‍െറ ഗതി മാറ്റുന്ന ചില അദ്ഭുത സംഭവങ്ങള്‍ പതിവായി ഒക്ടോബര്‍ മാസത്തില്‍ അരങ്ങേറുന്നതായി ജനങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും വിശ്വസിക്കുന്നു. ഇത്തവണയും അത്തരം ചില അദ്ഭുതങ്ങള്‍ സംഭവിച്ചതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, അത് ഏത് സ്ഥാനാര്‍ഥിയെ ആകും തുണക്കുക എന്ന കാര്യം വ്യക്തമല്ല.

ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട 2009ലെ വിഡിയോ ആകസ്മികമായി രംഗപ്രവേശം ചെയ്തു എന്നതായിരുന്നു ഇത്തവണ വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത സ്വാധീനം സൃഷ്ടിച്ച ഒക്ടോബര്‍ വിസ്മയം. സ്ത്രീകളെ നിന്ദിച്ച് ട്രംപ് നടത്തുന്ന അശ്ളീല പരാമര്‍ശങ്ങള്‍ അടങ്ങിയ ഈ വിഡിയോ അദ്ദേഹത്തിന്‍െറ പ്രതിച്ഛായക്ക് കനത്ത ആഘാതമായെന്ന് സര്‍വേകള്‍ വെളിപ്പെടുത്തി.
അതേസമയം,  ഹിലരി ക്ളിന്‍റനെ വെട്ടിലാക്കുന്ന അദ്ഭുതം ഒക്ടോബര്‍  അവസാന വാരത്തില്‍ സംഭവിച്ചു. ഒൗദ്യോഗിക വിവരങ്ങള്‍ സ്വകാര്യ ഇ-മെയില്‍ വഴി വിനിമയം ചെയ്തതിന്‍െറ പേരില്‍ ഹിലരിയെ എഫ്.ബി.ഐ വീണ്ടും ചോദ്യം ചെയ്ത സംഭവം അവര്‍ക്കെതിരെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധം വര്‍ധിക്കാനിടയാക്കി.

റിച്ചാഡ് നിക്സണ്‍
വിയറ്റ്നാം യുദ്ധകാലത്ത് റിച്ചാഡ് നിക്സന്‍െറ രണ്ടാം വിജയത്തില്‍ ഒക്ടോബര്‍ വിസ്മയം ഹേതുവായതായി കണക്കാക്കപ്പെടുന്നു. നിക്സന്‍െറ സുരക്ഷാ ഉപദേഷ്ടാവ് ഹെന്‍റി കിസിഞ്ജറുമായി ബന്ധപ്പെട്ടാണ് ഈ അദ്ഭുതം. ‘വിയറ്റ്നാമില്‍ സമാധാനം കൈപ്പിടിയിലാണെ’ന്ന് കിസിഞ്ജര്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന വോട്ടര്‍മാര്‍ക്കിടയില്‍ അദ്ഭുതകരമായ സ്വാധീനമുളവാക്കി. ശക്തമായ യുദ്ധവിരുദ്ധ തരംഗം നിലനില്‍ക്കുന്ന യു.എസില്‍ നിക്സന്‍െറ വരവ് സമാധാന സ്ഥാപനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ ജനങ്ങളിലുണര്‍ത്താന്‍ കിസിഞ്ജറുടെ പ്രസ്താവന വഴിയൊരുക്കി. നിക്സന്‍ രണ്ടാമതും വൈറ്റ്ഹൗസില്‍ അവരോധിക്കപ്പെട്ടു.

ജോര്‍ജ് ബുഷ്
2000 നവംബറിലെ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ബുഷും അല്‍ഗോറും കടുത്ത മത്സരം കാഴ്ചവെച്ചു. എന്നാല്‍, പോളിങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മദ്യപിച്ച് വാഹനമോടിച്ചതിന് 1976ല്‍ ബുഷ് അറസ്റ്റ് ചെയ്യപ്പെട്ടതായി ശ്രുതി പടര്‍ന്നു. ഡെമോക്രാറ്റുകള്‍ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നു എന്നായി ബുഷിന്‍െറ മറുപടി. ജനകീയ വോട്ടുകള്‍ വന്‍തോതില്‍ സ്വന്തമാക്കിയ ബുഷ് വിജയക്കൊടി നാട്ടി.

ബുഷും ജോണ്‍ കെറിയും ഏറ്റുമുട്ടിയ അടുത്ത തെരഞ്ഞെടുപ്പിലും അദ്ഭുതങ്ങള്‍ സംഭവിച്ചു. ഇറാഖ് യുദ്ധത്തോടുള്ള ജനരോഷം മുതലെടുത്തായിരുന്നു കെറിയുടെ പ്രചാരണം. എന്നാല്‍, ഒക്ടോബര്‍ അവസാനവാരം അല്‍ജസീറ പുറത്തുവിട്ട വിഡിയോ വോട്ടര്‍മാരില്‍ മനംമാറ്റത്തിന് വഴിയൊരുക്കി. ബുഷിനെ വധിക്കുമെന്നും അമേരിക്കയില്‍ ആക്രമണം നടത്തുമെന്നുമുള്ള ബിന്‍ലാദിന്‍െറ ഭീഷണി സന്ദേശമായിരുന്നു ആ വിഡിയോയില്‍. ഫലം: ബുഷ് അനായാസം രണ്ടാമൂഴത്തിലേക്ക് പ്രവേശിച്ചു.

ബറാക് ഒബാമ
ബറാക് ഒബാമയും റിപ്പബ്ളിക്കന്‍ നേതാവ് ജോണ്‍ മക്കെയിനും തമ്മിലുള്ള പോരാട്ടം മുറുകവേ ഒബാമ സര്‍വേയില്‍ ഏറെ പിന്നില്‍ നില്‍ക്കേ സെപ്റ്റംബറിലായിരുന്നു ‘ഒക്ടോബര്‍ അദ്ഭുതത്തിന്‍െറ’ പിറവി. അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയുടെ ആദ്യസൂചന നല്‍കി ലേഹ്മാന്‍ ബ്രദേഴ്സ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് ഇതര ബാങ്കുകളും കൂപ്പുകുത്തിയതോടെ റിപ്പബ്ളിക്കന്‍ ഭരണത്തില്‍ സമ്പദ്ഘടന തകര്‍ന്നടിയുമെന്ന ആശങ്ക വോട്ടര്‍മാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
ഡെമോക്രാറ്റ് നേതാവ് ബറാക് ഒബാമയാകട്ടെ പുതിയ സാരഥി എന്ന തീര്‍പ്പിന് ഈ ആശങ്ക നിര്‍ണായക പ്രേരണയായി.

Tags:    
News Summary - US election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.