ഹവാന: ക്യൂബയിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അജ്ഞാത ആക്രമണം. രാജ്യത്തെ എംബസിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കു നേരെ ആഗസ്റ്റ് ആദ്യത്തിലാണ് ആക്രമണം ആരംഭിച്ചതെന്നു കരുതുന്നു. 19 ഉദ്യോഗസ്ഥർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിന് നേരിയ ക്ഷതം മൂലം ശബ്ദം കേൾക്കാനുള്ള ശേഷി കുറയുന്നതുൾപെടെ രോഗങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. രഹസ്യ ശബ്ദ ആയുധമാണ് ആക്രമണത്തിന് ഉപയോഗിക്കപ്പെട്ടതെന്ന് സംശയിക്കുന്നതായി അമേരിക്ക അറിയിച്ചു. സംഭവം ക്യൂബ നിഷേധിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണവും പ്രഖ്യാപിച്ചു.
ഒരു കനഡ പൗരനും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് ആദ്യത്തിൽ വാഷിങ്ടണിലെ രണ്ട് ക്യൂബൻ ഉദ്യോഗസ്ഥർ പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഹവാനയിലുള്ള അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം നടന്നെന്ന ആരോപണം ഉയർന്നത്. കൂടുതൽ പേരിൽ രോഗലക്ഷണം കണ്ടതോടെ ആക്രമണം തുടരുകയാണെന്ന് അമേരിക്ക പറയുന്നു. രോഗബാധിതരായ 10 ഒാളം പേരുമായി സംസാരിച്ചതിൽ ശ്രവണ ശേഷി നഷ്ടമാകലിനു പുറമെ ശക്തമായ തലവേദന, തിരിച്ചറിയാനുള്ള ശേഷി നഷ്ടമാകൽ, തലച്ചോറിൽ പഴുപ്പ് പോലുള്ള പ്രശ്നങ്ങളും കണ്ടെത്തിയതായും അമേരിക്കൻ വിദേശകാര്യ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.