കാബൂൾ: 17 വർഷത്തെ അഫ്ഗാനിസ്താൻ അധിനിവേശത്തിനു പിന്നാലെ രാജ്യത്തെ കാലുഷ്യങ്ങൾക്ക് പരിഹാരം കാണാനാകാതെ യു.എസ് ഒടുവിൽ സംഭാഷണത്തിെൻറ പാതയിലേക്ക്. ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട താലിബാനുമായി നേരിട്ടുള്ള ചർച്ചക്കായി യു.എസ് ദൂതന്മാരെ അയച്ചതായി ദി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. യു.എസ് ചർച്ചക്ക് സന്നദ്ധത അറിയിച്ചതായി മുതിർന്ന യു.എസ് കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ചർച്ചയുടെ മുന്നൊരുക്കമായി കഴിഞ്ഞയാഴ്ചകളിൽ മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ അഫ്ഗാനിസ്താനിലെത്തിയിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കാബൂളിൽ എത്തിയതും ഇതിെൻറ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. പോംപിയോയെ അനുഗമിച്ച മുതിർന്ന യു.എസ് നയതന്ത്രജ്ഞൻ ആലിസ് ജി. വെൽസ് അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും വിവിധ കക്ഷികളുമായി കൂടിക്കാഴ്ച നടത്തിയതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
അഫ്ഗാനിസ്താനിലെ വിദേശസൈനിക സാന്നിധ്യം കുറക്കുന്നത് സംബന്ധിച്ച് ചർച്ചയാവാമെന്ന് യു.എസ് അറിയിച്ചിരുന്നു. എന്നാൽ, വിദേശസൈന്യത്തെ പിൻവലിച്ചതിനുശേഷം മാത്രമേ ഒത്തുതീർപ്പ് ആലോചിക്കാനാവൂ എന്നാണ് താലിബാൻ പ്രതികരിച്ചത്.9/11 ആക്രമണത്തിനു പിന്നാലെയാണ് അഫ്ഗാൻ അധിനിവേശം യു.എസ് തുടങ്ങിയത്. ആക്രമണത്തിനു പിന്നിൽ താലിബാൻ സംരക്ഷിക്കുന്ന അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. വ്യക്തമായ തെളിവുകൾ കൈമാറാതെ ലാദിനെ കൈമാറില്ലെന്ന് അഫ്ഗാനിസ്താനും നിലപാടെടുത്തതോടെയാണ് പതിനായിരങ്ങളുടെ ജീവൻ കവർന്ന അധിനിവേശനടപടികൾ തുടങ്ങിയത്. രാജ്യത്തെ അസ്ഥിരത അവസാനിപ്പിക്കാൻ സമാധാനചർച്ചകൾക്ക് ശ്രമങ്ങളുണ്ടായിരുന്നെങ്കിലും യു.എസുമായി മാത്രമേ ചർച്ച നടത്തൂ എന്നതായിരുന്നു താലിബാെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.