വാഷിങ്ടണ്‍: കുടിയേറ്റ, അഭയാര്‍ഥി വിരുദ്ധ നയങ്ങള്‍ പ്രഖ്യാപിച്ച് ലോകത്തെ വെല്ലുവിളിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് സ്വന്തം രാജ്യത്തെ കോടതിയുടെ പ്രഹരം. ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിവാദ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ട് തല്‍ക്കാലത്തേക്ക് റദ്ദാക്കി. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെ വിലക്കിയായിരുന്നു ട്രംപിന്‍െറ ഉത്തരവ്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. വാഷിങ്ടണ്‍, മിനസോട്ട സ്റ്റേറ്റുകളുടെ വാദങ്ങള്‍ പരിഗണിച്ചാണ് സീറ്റില്‍ കോടതിയുടെ വിധി. വിധിയെ വാഷിങ്ടണ്‍ അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തപ്പോള്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
വൈറ്റ് ഹൗസ് നയത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ജെയിംസ് റോബര്‍ട്ട് വിധി പ്രസ്താവം നടത്തിയത്. ട്രംപിന്‍െറ ഉത്തരവ് ഒരിക്കലും ഉണങ്ങാത്ത മുറിവാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്തെ തൊഴില്‍, വിദ്യാഭ്യാസം, വ്യാപാരം, കുടുംബ ബന്ധം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു നയത്തെ ഇങ്ങനെ ലാഘവത്തോടെ കൈകാര്യം ചെയ്തുകൂട. ഒരു പോളിസി നിര്‍മിക്കുകയെന്നത് ഈ കോടതിയുടെ ജോലിയല്ല. എന്നാല്‍, പ്രഖ്യാപിക്കപ്പെട്ട നയം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിധി പുറത്തുവന്നയുടന്‍, അടിയന്തര അപ്പീല്‍ സമര്‍പ്പിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടില്‍ അയവുവരുത്തി.
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് വൈറ്റ്ഹൗസ്, പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെന്നും വിധി പഠിച്ചശേഷം അപ്പീലിനെക്കുറിച്ച് ആലോചിക്കുമെന്നും രണ്ടാമത് പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. അതേസമയം, വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യത്തുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ യു.എസ് കസ്റ്റംസ് അതിര്‍ത്തി സംരക്ഷണവിഭാഗം (സി.ബി.പി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഖത്തര്‍ എയര്‍വേസ് ഉള്‍പ്പെടെ വിമാന കമ്പനികള്‍ ഏഴ് രാജ്യത്ത് നിന്നുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സര്‍വിസ് പുനരാരംഭിച്ചു. നേരത്തേ, വൈറ്റ്ഹൗസ് ഉത്തരവിനെ തുടര്‍ന്ന് ഏകദേശം 60,000 പേര്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ വിസ അനുവദിക്കുമെന്നും സി.ബി.പി വ്യക്തമാക്കിയിട്ടുണ്ട്.
വിധിയെ അനുകൂലിച്ച് നിരവധിപേര്‍ രംഗത്തത്തെി. തീര്‍ത്തും ഭരണഘടനാവിരുദ്ധമായ ഉത്തരവിനെതിരെയാണ് കോടതി ഇടപെട്ടിരിക്കുന്നതെന്ന് വാഷിങ്ടണ്‍ അറ്റോണി ജനറല്‍ ബോബ് ഫെര്‍ഗൂസന്‍ പറഞ്ഞു. പ്രസിഡന്‍റ് പോലും നിയമത്തിന് അതീതനല്ളെന്ന് കോടതി തെളിയിച്ചുവെന്ന് വാഷിങ്ടണ്‍ ഗവര്‍ണര്‍ ജേ ഇന്‍സ്ലീ അഭിപ്രായപ്പെട്ടു. നാഷനല്‍ ഇമിഗ്രേഷന്‍ ലോ സെന്‍റര്‍, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ തുടങ്ങിയ സംഘടനകളും വിധിയെ സ്വാഗതം ചെയ്തു. ട്രംപിന്‍െറ ഉത്തരവിനെതിരെ വെര്‍ജീനിയ, ന്യൂയോര്‍ക്, മാസച്യൂസെറ്റ്സ്, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോടതികളിലും കേസ് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.