വാഷിങ്ടൺ: ലക്ഷ്യം നേടുന്നതു വരെ സിറിയയിൽ നിന്ന് സൈന്യം പിന്മാറില്ലെന്ന് അമേരിക്ക. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് നിലപാട് വ്യക്തമാക്കിയത്. രാസായുധ ആക്രമണം നടക്കില്ലെന്ന് ഉറപ്പാക്കുമെന്നും നിക്കി ഹാലി വ്യക്തമാക്കി.
അതിനിടെ, സിറിയൻ ദൗത്യം പൂർത്തീകരിച്ചെന്ന ട്വീറ്റിനെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് രംഗത്തുവന്നു. സിറിയയിലെ ബശ്ശാർ അൽഅസദ് ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യക്കെതിരായ ഉപരോധം അമേരിക്ക ഇന്ന് പ്രഖ്യാപിക്കും.
സിറിയയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കാൻ റഷ്യ കൊണ്ടുവന്ന പ്രമേയത്തെ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഞായറാഴ്ച തള്ളിയിരുന്നു. ഇത് റഷ്യക്ക് വലിയ തിരിച്ചടിയായി.
വിമതർക്കും ജനങ്ങൾക്കുമെതിരെ ആക്രമണം ശക്തമാക്കിയ ബശ്ശാർ അൽഅസദ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് സിറിയയിൽ വ്യോമാക്രമണം നടത്തിയത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാനമായ ഡമസ്കസിലെ ഒന്നും ഹിംസിലെ രണ്ടും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.