വാഷിങ്ടൺ: ധനബിൽ പാസാകാത്തതിനെ തുടർന്ന് അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻസുമായി ധാരണയിലെത്തിയതിനെത്തുടർന്ന് ധനബിൽ സെനറ്റ് പാസാക്കി. 18നെതിരെ 81 വോട്ടിനാണ് തിങ്കളാഴ്ച അർധരാത്രി ബിൽ പാസായത്. ഇതേതുടർന്ന് യു.എസ് സർക്കാർ പ്രഖ്യാപിച്ച ‘ഷട്ട് ഡൗൺ’ ഉടൻ പിൻവലിക്കും. വെള്ളിയാഴ്ച മുതൽ നിലച്ച സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനം ഇതോടെ പുനരാരംഭിക്കും. ഫെബ്രുവരി എട്ടുവരെ സർക്കാറിന് പ്രവർത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാകും.
മതിയായ രേഖകളില്ലാതെ കുട്ടികളായി അമേരിക്കയിലെത്തിയ എട്ടു ലക്ഷത്തോളം പേർക്ക് (ഡ്രീമേഴ്സ്) സംരക്ഷണം നൽകുംവിധം കുടിയേറ്റബില്ലിൽ തുറന്നതും സ്വതന്ത്രവുമായ ചർച്ചയാകാമെന്ന റിപ്പബ്ലിക്കൻസിെൻറ ഉറപ്പിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. ധാരണയെക്കുറിച്ച് ഡെമോക്രാറ്റുകൾ തുടക്കത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും സെനറ്റിലെ മുതിർന്ന റിപ്പബ്ലിക്കൻ അംഗം മിത്ച് മക്കോണലിെൻറ ഇടപെടലിനെത്തുടർന്ന് അനുനയത്തിലെത്തുകയായിരുന്നു. അടുത്ത മാസമാണ് ചർച്ച.
‘ഡ്രീമേഴ്സി’നെ നാടുകടത്താനുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നീക്കം ഉപേക്ഷിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ഇത് റിപ്പബ്ലിക്കൻസ് അംഗീകരിക്കാത്തതിനെത്തുടർന്നാണ് സെനറ്റ് യോഗത്തിൽ പ്രതിസന്ധിയുണ്ടായതും ധനബിൽ പാസാകാതെ പോയതും.
പ്രതിസന്ധിയെത്തുടർന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് യു.എസ് ഫെഡറൽ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും മ്യൂസിയങ്ങളും തിങ്കളാഴ്ച അടഞ്ഞുകിടന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളെത്തുന്ന ‘സ്വാതന്ത്ര്യ പ്രതിമ’യടക്കം കഴിഞ്ഞദിവസം തുറന്നുനൽകിയില്ല.
പ്രതിസന്ധി പരിഹരിക്കാൻ ‘ന്യൂക്ലിയർ ഒാപ്ഷൻ’ സ്വീകരിക്കണമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ബിൽ പാസാകാൻ സെനറ്റ് അംഗങ്ങളിലെ 60 പേരുടെ പിന്തുണ വേണമെന്ന നിയമത്തെ മാറ്റുന്ന രീതിയാണിത്. അവസാനമായി 2013ലാണ് സമാനമായ രീതിയിൽ സർക്കാർ സ്തംഭിച്ച അവസ്ഥ അമേരിക്കയിലുണ്ടായത്. 16 ദിവസത്തിന് ശേഷമാണ് അന്ന് പ്രതിസന്ധി നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.