വാഷിങ്ടൺ: അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ ഫണ്‍ ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബിൽ സെനറ്റിൽ പരാജയപ്പെട്ടു. തുടർന്ന്, സർക്കാർ പ്രവർത്ത നങ്ങൾ ഭാഗികമായി നിർത്തിവെച്ചു. പ്രതിസന്ധി ദീർഘകാലത്തേക്കു നീളുമെന്നും പ്രസിഡൻറ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുകയും ചെയ്തു. ഭരണസ്തംഭനം മൂലം ആഭ്യന്തര സുരക്ഷ, നീതിന്യായം, ഗതാഗതം ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനം നിലക്കുകയും എട്ടു ലക്ഷത്തോളം തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാതെ വരുകയും ചെയ്യും.
മതിൽ നിർമാണത്തിന് 500 കോടി ഡോളർ ആവശ്യപ്പെടുന്ന ബിൽ ഡെമോക്രാറ്റിക് സെനറ്റർമാർ തള്ളുകയായിരുന്നു. മെക്സിക്കൻ മതിൽനിർമാണത്തിന് 1000 കോടി ഡോളറിലേറെ ചെലവുവരുമെന്നാണ് കണക്ക്. 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 51 അംഗങ്ങളാണുള്ളത്. ബിൽ പാസാകണമെങ്കിൽ 60 അംഗങ്ങളുടെ പിന്തുണ വേണം. ഡെമോക്രാറ്റുകൾ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ന്യൂക്ലിയർ ഒാപ്ഷൻ പരിഗണിക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ യോഗത്തിൽ ട്രംപ് ആവശ്യപ്പെട്ടു.
ഇതുവഴി 60നു പകരം 51 പേരുടെ പിന്തുണയുണ്ടെങ്കിൽ ബിൽ പാസാക്കാൻ കഴിയും. എന്നാൽ, റിപ്പബ്ലിക്കൻ സെനറ്റർമാർ ഇതു തള്ളി. ബിൽ കോൺഗ്രസിൽ പാസാക്കിയിരുന്നു. ഡെമോക്രാറ്റുകൾ എതിർപ്പു തുടരുകയാണെങ്കിൽ സർക്കാർ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നൽകിയിരുന്നു.
അതിനിടെ, വീണ്ടും യോഗം ചേർന്ന് ഡെമോക്രാറ്റുകളെ അനുനയിപ്പിക്കാൻ കഴിയുമെന്നും അതുവഴി സർക്കാർ സ്തംഭനം ഒഴിവാക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻ സെനറ്റർമാർ. ഭരണസ്തംഭനമെന്ന റിപ്പോർട്ടുകൾ യു.എസ് ഒാഹരിവിപണിയിലും പ്രതിഫലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.