അമ്മാൻ: ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ പരിഹാരം കാണുന്നതിന്, ഇരുകൂട്ടർക്കും സ്വീകാര്യമെങ്കിൽ ദ്വിരാഷ്ട്ര ഫോർമുലയെ പിന്തുണക്കുമെന്ന് യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസ്. ശനിയാഴ്ച ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പെൻസ് ഇക്കാര്യം അറിയിച്ചത്. ഇൗജിപ്ത്, ജോർഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് തുടക്കം കുറിച്ചാണ് പെൻസ് ഇൗജിപ്തിലെത്തിയത്.
ജറൂസലമിലെ വിശുദ്ധകേന്ദ്രങ്ങൾ സംബന്ധിച്ച് തൽസ്ഥിതി തുടരുന്നുവെന്ന് ഉറപ്പുവരുത്താൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും പെൻസ് സീസിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു. ഡോണൾഡ് ട്രംപ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിനുശേഷം ഇതാദ്യമായാണ് യു.എസ് സർക്കാറിലെ ഒരു മുതിർന്ന അംഗം പശ്ചിമേഷ്യയിലെത്തുന്നത്. പ്രഖ്യാപനത്തെ തുടർന്ന്, യു.എസിനെ മധ്യസ്ഥനായി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഫലസ്തീൻ കക്ഷികളാരും പെൻസുമായി കൂടിക്കാഴ്ച നടത്തുന്നില്ല.
ഞായറാഴ്ച അമ്മാനിലെത്തിയ പെൻസ് ജോർഡനിലെ അബ്ദുല്ല രാജാവുമായും സംഭാഷണം നടത്തി. ദ്വിരാഷ്ട്ര പരിഹാരത്തിന് ഫലസ്തീൻ കക്ഷികളുടെയും ഇസ്രായേലിെൻറയും വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കണമെന്ന് അബ്ദുല്ല രാജാവ് പെൻസിനോട് ആവശ്യപ്പെട്ടു. ഇസ്രായേൽ-ഫലസ്തീൻ സമാധാനശ്രമങ്ങൾ പുനരാരംഭിക്കുന്നതിന് ട്രംപ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഇക്കാര്യത്തിൽ ജോർഡൻ നിർണായക പങ്കുവഹിക്കുന്നതായും പെൻസ് പ്രതികരിച്ചു.
ഞായറാഴ്ച വൈകീട്ട് ഇസ്രായേലിലെത്തിയ പെൻസ്, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രസിഡൻറ് റ്യൂവൻ റിവ്ലിൻ എന്നിവരുമായും സംഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.