കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേർക്ക് പരിക്ക്. അമേരിക്കൻ സമയം ഉച്ചക്ക് 12.45നാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ആക്രമണം നടത്തിയ ശേഷം ഇവർ സ്വയം ജീവനൊടുക്കിയതാവാമെന്ന് പൊലീസ് പറഞ്ഞു.
കാലിഫോർണിയയിൽ താമസിക്കുന്ന ഇറാനിയൻ വംശജയായ നസിം അഘ്ദാം എന്ന 39കാരിയാണ് ജീവനൊടുക്കിയതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്‍റെ വിഡിയോകൾ യുട്യൂബ് ഫിൽട്ടർ ചെയ്യുന്നുവെന്ന് നസിം അഘ്ദാം നേരത്തെ ആരോപിച്ചിരുന്നു. ഇതാവാം യുട്യൂബ് ആസ്ഥാനത്തെ വെടിവെപ്പിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. നിബന്ധനകൾ ലംഘിച്ചെന്ന് ആരോപിച്ച് നസിമിന്‍റെ ചാനലിന് യുട്യൂബ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പരിക്കേറ്റവരില്‍ മുന്നു പേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ അഞ്ചു പേർ സ്റ്റാന്‍ഫോര്‍ഡില്‍ ചികിത്സ തേടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിവെപ്പിനെ തുടർന്ന് 1700 പേർ ജോലി ചെയ്യുന്ന യുട്യൂബ് ആസ്ഥാനം ഒഴിപ്പിച്ചു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഗൂഗ്ൾ കാമ്പസിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് യുട്യൂബ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
സംഭവത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.