കിയവ്: റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖ പട്ടണമായ മരിയുപോളിനു സമീപം കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായി യുക്രെയ്ൻ അധികൃതർ. പുതിയ ചില ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് കൂട്ടക്കുഴിമാടത്തിന്റെ സൂചനകൾ പുറത്തുവരുന്നത്.
മരിയുപോളിന്‍റെ പടിഞ്ഞാറ് 12 മൈൽ അകലെയാണ് കുഴിമാടങ്ങൾ കണ്ടെത്തിയത്. 9,000ത്തിലേറെ സാധാരണക്കാരെ റഷ്യൻ സൈന്യം ഈ കുഴിമാടങ്ങളിൽ കൊന്നു തള്ളിയതായി യുക്രെയ്ൻ അധികൃതർ ആരോപിച്ചു. ബുച്ചയിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളേക്കാൾ 20 മടങ്ങ് വലുതാണ് മരിയുപോളിനു സമീപത്തേതെന്ന് മരിയുപോൾ സിറ്റി കൗൺസിലിന്‍റെ ടെലിഗ്രാം പോസ്റ്റിൽ പറയുന്നു.
മരിയുപോൾ കീഴടക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നത്. ഉപഗ്രഹ ചിത്രങ്ങൾ പകർത്തുന്ന മാക്സർ ടെക്നോളജീസാണ് 200ലേറെ കുഴിമാടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. നിലവിലെ ശ്മശാനങ്ങളിൽ നിന്ന് അകലങ്ങളിലേക്ക് നീളുന്ന വലിയ കുഴിമാട നിരകളാണ് ഇവയെല്ലാം.
തങ്ങളുടെ സൈനിക കുറ്റകൃത്യങ്ങൾ റഷ്യൻ സൈന്യം മറച്ചുവെക്കുകയാണെന്ന് മരിയുപോൾ മേയർ വാദിം ബോയ്ചെങ്കോ ആരോപിച്ചു. കുറഞ്ഞത് 9,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് മരിയുപോൾ സിറ്റി കൗൺസിലും വ്യക്തമാക്കി. അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്കുഫാക്ടറിയിൽ തമ്പടിച്ചിരിക്കുന്ന 2,000 ത്തിലേറെ വരുന്ന യുക്രെയ്ൻ പോരാളികൾ ഇതുവരെയും കീഴടങ്ങാൻ തയാറായിട്ടില്ല. ഫാക്ടറി വളയാൻ സൈന്യത്തോട് പുടിൻ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.