ഇസ്തംബൂൾ: തുർക്കിയ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സ്വീഡൻ അനുമതി നൽകിയതിനെ തുടർന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം തുർക്കിയ റദ്ദാക്കി. തുർക്കിയ സ്വീഡിഷ് അംബാസഡറെ വെള്ളിയാഴ്ച വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള സ്വീഡന്റെ ശ്രമത്തോടുള്ള തുർക്കിയയുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെ പ്രതിഷേധങ്ങൾക്ക് സ്വീഡൻ പച്ചക്കൊടി കാട്ടിയതാണ് തുർക്കിയയെ ചൊടിപ്പിച്ചത്.
ജനുവരി 27ന് സ്വീഡിഷ് പ്രതിരോധമന്ത്രി പോൾ ജോൺസൻ നടത്താനിരുന്ന സന്ദർശനം റദ്ദാക്കിയതായി തുർക്കിയ പ്രതിരോധമന്ത്രി ഹുലുസി അകാർ പറഞ്ഞു. തുർക്കിയ വിരുദ്ധ പ്രതിഷേധം സ്വീഡൻ അനുവദിക്കുന്നതിനാൽ സന്ദർശനത്തിന് പ്രാധാന്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തുർക്കിയയുമായുള്ള ബന്ധം സ്വീഡന് പ്രധാനമാണ്. സുരക്ഷ, പ്രതിരോധ വിഷയങ്ങളിൽ ചർച്ച പിന്നീട് തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വീഡനിൽ നിരവധി പ്രകടനങ്ങളാണ് അരങ്ങേറാനിരിക്കുന്നത്. ഇസ്‍ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ച തീവ്ര വലതുപക്ഷ സ്ട്രാം കുർസ് പാർട്ടിക്കാരനായ റാസ്മസ് പാലുഡന് സ്റ്റോക്ഹോമിലെ തുർക്കിയ എംബസിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ പൊലീസ് അനുമതി നൽകി. അതേസമയം, തുർക്കിയ അനുകൂല ഗ്രൂപ്പുകളും കുർദിഷ് അനുകൂല ഗ്രൂപ്പുകളും സ്വീഡിഷ് തലസ്ഥാനത്ത് പ്രകടനങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്.
ഖുർആനിനെ ആക്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ലെന്നും പ്രതിഷേധത്തിനുള്ള അനുമതി സ്വീഡിഷ് അധികൃതർ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസോഗ്ലു മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുർക്കിയക്ക് സുരക്ഷ ഭീഷണിയായി കണക്കാക്കുന്ന ഗ്രൂപ്പുകളെ സ്വീഡിഷ് സർക്കാർ അടിച്ചമർത്തുന്നതുവരെ നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള സ്വീഡന്റെ അപേക്ഷ അംഗീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ് തുർക്കിയ.
അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തെ സ്വീഡൻ മാനിക്കുന്നുവെന്ന് സ്വീഡിഷ് വിദേശകാര്യമന്ത്രി തോബിയാസ് ബിൽസ്ട്രോം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.