ന്യൂയോർക്ക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് സംഭാവനയായി 10 ലക്ഷം ഡോളർ നൽകും. ജനുവരി 20നാണ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായി അധികാരമേൽക്കുന്നത്. യു.എസിലെ പല ബിസിനസ് പ്രമുഖരും ട്രംപിന്റെ ഫണ്ടിലേക്ക് വൻതുക സംഭാവന സംഭാവനകൾ നൽകിയിരുന്നു. അതിനു പിന്നാലെയാണ് ടിം കുക്കും സഹായം നൽകിയത്. ആമസോൺ, ഓപ്പൺ എ.ഐ, ടൊയോട്ട മോട്ടോർ ഓഫ് നോർത്ത് അമേരിക്ക, ക്രിപ്റ്റോ കമ്പനീസ് ക്രാകൻ, റിപ്പ്ൾ, ഒൻഡോ എന്നീ കമ്പനികളുടെ മേധാവികളാണ് ട്രംപിന് പിന്തുണയായി പണം നൽകിയത്. പ്രസിഡന്റ് അധികാരമേൽക്കുന്ന ചടങ്ങ് അമേരിക്കയുടെ മഹത്തായ പൈതൃകമാണെന്നും ആ സ്പിരിറ്റ് കണക്കിലെടുത്താണ് പണം നൽകിയതെന്നും ടിം കുക്ക് പ്രതികരിച്ചു.
ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ചോർത്തുന്നുവെന്ന പരാതിയെ തുടർന്ന് 95 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർക്കാൻ ആപ്പിൾ ശ്രമിച്ചുവെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യത എന്നത് മൗലികാവകാശമാണെന്നും ഇത്തരമൊരു ഒത്തുതീർപ്പിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു വിഷയത്തിൽ ടിം കുക്കിന്റെ പ്രതികരണം.
വെർച്വൽ അസിസ്റ്റന്റായ സിരിയിലൂടെ ആളുകളുടെ സംഭാഷണങ്ങൾ അനുമതിയില്ലാതെ ആപ്പിൾ ചോർത്തുന്നു എന്നായിരുന്നു ആപ്പിളിനെതിരെ ഉയർന്നുവന്ന ആരോപണം. സിരി റെക്കോഡ് ചെയ്ത സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെച്ചുവെന്നും ആരോപണമുണ്ട്. യുഎസ് കാലിഫോർണിയയിലെ കോടതിയിലായിരുന്നു കേസ് വാദിച്ചത്. 'ഹേയ് സിരി' എന്ന് പറയുന്നതിലൂടെയാണ് വെർച്വൽ അസിസ്റ്റന്റ് ആക്ടീവാകുന്നത്. എന്നാൽ ചില സമയങ്ങളിൽ സിരി സ്വയം ആക്ടീവാകുകയും ശബ്ദങ്ങളും സംഭാഷണങ്ങളും നിരീക്ഷിക്കുകയും, സംഭാഷണങ്ങളിൽ ചർച്ച ചെയ്ത ഉപകരണങ്ങളെക്കുറിച്ചോ വസ്തുക്കളെക്കുറിച്ചോ പിന്നീട് ഫോണിൽ പരസ്യം വരുന്നതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.