അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം -യു.എസ്

സാൻഫ്രാൻസിസ്കോ: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കുന്ന പ്രമേയം യു.എസ് കോൺഗ്രസ് സെനറ്റോറിയൽ കമ്മിറ്റി പാസാക്കി. സെനറ്റർമാരായ ജെഫ് മെർക്‍ലി, ബിൽ ഹാഗെർട്ടി, ടിം കെയ്ൻ, ക്രിസ് വാൻ ഹോളൻ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. ചൈനക്കും ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനും ഇടയിലുള്ള അന്താരാഷ്‌ട്ര അതിർത്തിയായി മക്‌മഹോൻ രേഖയെ അംഗീകരിക്കുന്നുവെന്ന് പ്രമേയം പറയുന്നു. അരുണാചൽ പ്രദേശിന്റെ വലിയൊരു ഭാഗം തങ്ങളുടേതാണെന്ന ചൈനീസ് വാദം തള്ളുന്നതാണ് പ്രമേയം. പ്രമേയം ഇനി സമ്പൂർണ വോട്ടെടുപ്പിനായി സെനറ്റിലേക്ക് പോകും. മോദി അമേരിക്ക സന്ദർശിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് പ്രമേയം.

ഇന്തോ-പസഫിക്കിന് ചൈന ഗുരുതര ഭീഷണികൾ ഉയർത്തുന്ന സന്ദർഭത്തിൽ മേഖലയിലെ തന്ത്രപ്രധാന പങ്കാളികളുമായി, പ്രത്യേകിച്ച് ഇന്ത്യയും മറ്റ് ക്വാഡ് രാജ്യങ്ങളുമായി ചേർന്ന് നിൽക്കേണ്ടത് അമേരിക്കക്ക് നിർണായകമാണെന്ന് ഹാഗെർട്ടി പറഞ്ഞു. ചൈനയെ സംബന്ധിച്ച കോൺഗ്രഷനൽ എക്‌സിക്യൂട്ടിവ് കമീഷന്റെ കോ-ചെയർ ആയി സേവനമനുഷ്ഠിക്കുന്ന സെനറ്ററാണ് മെർക്‍ലി. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ഇന്തോ-പസഫിക്കിനെ പിന്തുണച്ച്‌ ജനാധിപത്യ സംരക്ഷണത്തിനായി അമേരിക്ക ശക്തമായി നിൽകൊള്ളണമെന്ന് സെനറ്റർ കോർണിൻ പറഞ്ഞു.

അരുണാചൽ പ്രദേശിനെ സാങ്‌നാൻ എന്ന് വിശേഷിപ്പിക്കുന്ന ചൈന ഇത് ദക്ഷിണ തിബത്താണെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും അരുണാചൽ പ്രദേശ് സന്ദർശിക്കുമ്പോൾ ചൈന പ്രതിഷേധിക്കുന്നതും പതിവാണ്.

Tags:    
News Summary - Arunachal Pradesh is an integral part of India -U.S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.