പാകിസ്താനില്‍ ചാവേര്‍ സ്ഫോടനം; 22 മരണം

പെഷാവര്‍: വടക്കു കിഴക്കന്‍ പാകിസ്താനിലെ സര്‍ക്കാര്‍ ഓഫിസിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 40ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. മര്‍ദാന്‍ നഗരത്തിലെ ദേശീയ വിവരശേഖരണ രജിസ്ട്രേഷന്‍ അതോറിറ്റിയുടെ ഓഫിസിനു നേരെയാണ് ചൊവ്വാഴ്ച സ്ഫോടനം നടന്നത്.
ഓഫിസില്‍ നിരവധി പേര്‍ വരിയില്‍ നില്‍ക്കെ ബൈക്കിലത്തെിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് ഓഫിസര്‍ നഈം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തും പരിസരത്തുമായി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇവരെ മര്‍ദാന്‍ മെഡിക്കല്‍ കോംപ്ളക്സിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മേഖലയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. താലിബാന്‍ അനുകൂല സംഘടനയായ ജമാഅത്തുല്‍ അഹ്റാര്‍ സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. വാഗാ അതിര്‍ത്തിയില്‍ കഴിഞ്ഞവര്‍ഷം നടന്ന സ്ഫോടനത്തിനു പിന്നിലും ഈ സംഘടനയായിരുന്നു. പാകിസ്താനിലെ ജനസംഖ്യാ രജിസ്ട്രേഷനുവേണ്ടി സ്ഥാപിച്ച നാദ്ര ഓഫിസ് അധികസമയവും ജനനിബിഡമാണ്. പെഷാവറിലെ സ്കൂളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 150 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് വീണ്ടും സ്ഫോടനം നടക്കുന്നത്.
 പെഷാവറില്‍നിന്ന് 50 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്.
ഇവിടെ താലിബാന്‍ അനുകൂല തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാണ്. 2009 മുതല്‍ സൈന്യം ഈ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ പോരാട്ടം തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.