പ്രചാരണം കൊടിയിറങ്ങി; മ്യാന്മര്‍ നാളെ ബൂത്തിലേക്ക്

യാംഗോന്‍: അരനൂറ്റാണ്ടായി പട്ടാളഭരണത്തിനു കീഴിലുള്ള മ്യാന്മറിന് ജനാധിപത്യത്തിലേക്ക് വഴിതുറന്ന് നാളെ പൊതു തെരഞ്ഞെടുപ്പ്. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും പ്രതിപക്ഷ നേതാവുമായ ഓങ്സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തിലത്തെുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന്‍െറ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ച തിരശ്ശീല വീണു. പട്ടാള നേതൃത്വത്തിന്‍െറ ആശീര്‍വാദത്തോടെ 2011 മുതല്‍ അധികാരം കൈയാളുന്ന തൈന്‍ സൈന്‍ ആണ് സൂചിയുടെ മുഖ്യ എതിരാളി.
440 സീറ്റുകളുള്ള അധോസഭയും 224 അംഗ ഉന്നത സഭയുമുള്‍പെടുന്ന പാര്‍ലമെന്‍റില്‍ 25 ശതമാനം സീറ്റ് സംവരണമുള്ളതിനാല്‍ വന്‍ ഭൂരിപക്ഷത്തോടെ ജയം സ്വന്തമാക്കാനായാല്‍ മാത്രമേ സൂചിക്ക് രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കാനാവൂ.

പട്ടാള ഭരണം അവസാനിക്കുമോ?

1962 മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന സൈനിക ഭരണം അവസാനിപ്പിക്കാന്‍ സുവര്‍ണാവസരമാണ് ഇത്തവണ മ്യാന്മര്‍  ജനതയെ കാത്തിരിക്കുന്നത്. 1990നു ശേഷം എന്‍.എല്‍.ഡി ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്ന് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചിരുന്നുവെങ്കിലും പട്ടാളം അധികാരം ഏറ്റെടുക്കുകയായിരുന്നു. 2010 ലെ തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വിട്ടുനില്‍ക്കുകയും ചെയ്തു. ഇത്തവണ അധികാരം കൈമാറാന്‍ ഒരുക്കമാണെന്ന ഉറപ്പിനെ തുടര്‍ന്നാണ് എന്‍.എല്‍.ഡി മത്സരരംഗത്തിറങ്ങിയത്.
സൂചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടി രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുമെന്ന് സൂചിയും മ്യാന്മര്‍ ജനതയും പ്രത്യാശിക്കുന്നു.

25 ശതമാനം സീറ്റ് പട്ടാളത്തിന്

ഭരണഘടനപ്രകാരം ഇരു സഭകളിലെയും 25 ശതമാനം സീറ്റുകളില്‍ നാമനിര്‍ദേശം നടത്താന്‍ പട്ടാളത്തിനാണ് അധികാരം. ഇതുപ്രകാരം അധോസഭയില്‍ 110 ഉം ഉന്നത സഭയില്‍ 56ഉം സീറ്റുകളില്‍ പട്ടാള താല്‍പര്യം സംരക്ഷിക്കുന്നവര്‍ അധികാരത്തിലത്തെും.
ഇതോടെ, സൂചിയുടെ കക്ഷിക്ക് അധികാരത്തിലത്തൊന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 67 ശതമാനം സീറ്റുകള്‍ (ഇരു സഭകളിലുമായി 330) നേടാനാകണം. പട്ടാള മേധാവിത്വത്തോട് ആഭിമുഖ്യമുള്ള നിലവിലെ പ്രസിഡന്‍റ് തൈന്‍ സൈന് 33 ശതമാനം സീറ്റുകള്‍ നേടിയാല്‍ മതി.

91 കക്ഷികള്‍; 6,000 സ്ഥാനാര്‍ഥികള്‍

91 വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനംചെയ്ത് 6,000 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. മൂന്നു കോടിയോളം പേര്‍ക്കാണ് സമ്മതിദാനാവകാശം. അധോസഭയില്‍ 323ഉം ഉന്നത സഭയില്‍ 168ഉം സീറ്റുകളിലേക്കാണ് മത്സരം. സൂചിക്കും തൈന്‍ സൈനും പുറമെ ഷ്വ മന്‍, മിന്‍ ഓങ് ഹ്ലൈങ് എന്നിവരാണ് പ്രധാന തസ്തിക ലക്ഷ്യം വെക്കുന്നവര്‍.

സൂചിക്ക് പ്രസിഡന്‍റാകാനാവില്ല

എന്‍.എല്‍.ഡി അധികാരത്തിലത്തെിയാലും സൂചി പ്രസിഡന്‍റാകുന്നത് തടയാന്‍ 2008ല്‍ നിലവില്‍വന്ന ഭരണഘടനയില്‍ വകുപ്പുകളുണ്ട്. മക്കള്‍ക്ക് വിദേശ പൗരത്വമുള്ളതാണ് സൂചിക്ക് തടസ്സം. ഇതു മറികടക്കാന്‍ പുതിയ പദവി സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് സൂചി.  സൂചിയുടെ എന്‍.എല്‍.ഡി ഭൂരിപക്ഷം നേടിയാല്‍ സര്‍ക്കാറുണ്ടാക്കാന്‍ പ്രയാസമാകില്ലെങ്കിലും അടുത്ത വര്‍ഷാദ്യത്തോടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതുതന്നെ കടുത്ത പ്രക്രിയയാണ്.

റോഹിങ്ക്യകള്‍ക്ക് വോട്ടവകാശമില്ല

റഖൈന്‍ മേഖലയിലെ ഒട്ടുമിക്ക മേഖലകളിലുമായി 10 ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കാണ് ഇത്തവണ സര്‍ക്കാര്‍ വോട്ടവകാശം നിഷേധിച്ചത്. അല്ലാത്തിടങ്ങളിലാകട്ടെ, എന്‍.എല്‍.ഡി ഉള്‍പെടെ എല്ലാ കക്ഷികളും റോഹിങ്ക്യകളെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് തഴയുകയും ചെയ്തു. ഇതിനെതിരെ യു.എന്‍ ഉള്‍പെടെ സംഘടനകള്‍ രംഗത്തുവന്നെങ്കിലും കക്ഷികള്‍ വഴങ്ങിയിട്ടില്ല.

വംശീയ കക്ഷികള്‍ തീരുമാനിക്കും

വന്‍ ഭൂരിപക്ഷമെന്ന സ്വപ്നത്തിന് സൂചിക്ക് തടസ്സമാവുക വംശീയ കക്ഷികളാകും. വംശീയ കക്ഷികള്‍ പലതും മോശമല്ലാത്ത പ്രകടനം നടത്തുമെന്നാണ് നിരീക്ഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.